മലയാളക്കരയുടെ താരരാജാവിന് ഇന്ന് അറുപത്തി ഒന്നാം പിറന്നാൾ

0
69

മലയാളക്കരയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന താരരാജാവിന് ഇന്ന് പിറന്നാൾ. 1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ജന്മദിന ആശംസകൾ നേരുകയാണ്. മോഹൻലാലിന്‍റെ പിറന്നാൾ വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും, സുഹൃത്തുക്കളും.

1978ൽ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹൻലാൽ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള കാൽവെപ്പിന് കാരണമായത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലൻ്റെ വേഷത്തിലാണ് ലാലേട്ടൻ എത്തിയതെന്നാണ് ശ്രദ്ധേയം.1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. മലയാളസിനിമയുടെ ‘ഒടിയന്’ ഇന്ന് സിനിമാലോകം ഒട്ടാകെ പിറന്നാളാശംസ നേരുകയാണ്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരത സർക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഒടിയൻ, കുഞ്ഞാലി മരയ്ക്കാര്‍, ലൂസിഫര്‍,നീരാളി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.