കാലവർഷത്തിന്‌ മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം: മന്ത്രി‌ റിയാസ്‌

0
52

കാലവർഷം ആരംഭിക്കുന്നതിനുമുമ്പ്‌ തന്നെ മുഴുവൻ റോഡുകളുടെയും ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. മഴക്കാലത്ത്‌ റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ വർഷങ്ങളിൽ മഴയിൽ തകർന്ന റോഡുകൾക്ക്‌ പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോർട്ട്‌ തയ്യാറാക്കി സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. ചീഫ്‌ എൻജിനിയർ മുതൽ എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാർ വരെയുള്ള 70 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെ മറ്റ്‌ പ്രധാന തീരുമാനങ്ങൾ :
● തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ്‌ പുനർനിർമിക്കാൻ അടിയന്തിര നടപടി
● ആലപ്പുഴ കൃഷ്‌ണപുരം–- ഹരിപ്പാട്‌ ദേശീയപാത 66ലെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട്‌ ലഭ്യമാക്കുന്നതിന്‌ ദേശീയപാത അതോറിറ്റിയോട്‌ ആവശ്യപ്പെടും.
● പാലക്കാട്‌–- മണ്ണാർക്കാട്‌ ദേശീയപാതയുടെ വികസനപ്രവൃത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്‌ നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കൽ
● മലപ്പുറം, കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ്‌ പാലത്തിന്റെ പുനർനിർമാണത്തിന്‌ സത്വര നടപടി സ്വീകരിക്കൽ
● താമരശേരി അടിവാരം റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ത്വരിതപ്പെടുത്തൽ
● വയനാട്‌–- മണ്ണാർക്കാട്‌ ദേശീയപാതയുടെ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കൽ
● തലശേരി പൂക്കോം–- മാടപ്പീടിക റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുക്കൽ