നാരദ കൈക്കൂലിക്കേസ്: തൃണമൂല്‍ മന്ത്രിമാരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

0
53

നാരദ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാർ അടക്കമുള്ളവരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി. ഇവരുടെ ജാമ്യാപേക്ഷ കോടതി സ്‌റ്റേ ചെയ്തു. തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ഫിര്‍ഹദ് ഹകീം, സുഭ്രത മുഖര്‍ജി എന്നിവരെയും മുന്‍ മന്ത്രി മദന്‍ മിത്ര, ബിജെപി മുന്‍ നേതാവായ സോവന്‍ ചാറ്റര്‍ജി എന്നിവരെയുമാണ് വീട്ടുതടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച കൊല്‍ക്കത്ത ഹൈക്കോടതി ബെഞ്ചില്‍ ജസ്റ്റിസ് അര്‍ജിത് ബാനര്‍ജി ഇടക്കാല ജാമ്യാപേക്ഷ അംഗീകരിച്ചു. എന്നാല്‍, ആക്ടിങ് ചീഫ് ജസ്റ്റിസായ രാജേഷ് ബിന്ദാല്‍ വീട്ടുതടങ്കലിന് ഉത്തരവിടുകയായിരുന്നു. ഇടക്കാല ജാമ്യാപേക്ഷ വിപുലമായ ബെഞ്ചിനു വിടുകയും ചെയ്തു. ശാരദ അഴിമതി കേസ് സമയത്തെ 2014ല്‍ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഓണ്‍ലൈന്‍ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തില്‍ തൃണമൂല്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത്​ കണ്ടെത്തി​യതാണ്​ ശാരദ കേസ്.​