കൊടകര കുഴൽപ്പണ കേസ്: യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും,

0
69

കൊടകര കുഴൽപ്പണ കേസിൽ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിന് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. കേസിൽ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കവർച്ച നടന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി.

മൂന്നര കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ആകെ പത്തൊൻപത് പേരാണ് ഇതുവരെ പൊലീസ് പിടിയിലായിട്ടുള്ളത്. കണ്ണൂർ സ്വദേശിയായ അബ്ദുൾ റഹീമാണ് ഒടുവിൽ പിടിയിലായത്. മോഷണ പദ്ധതി ആസൂത്രണം ചെയ്ത പ്രതി തട്ടിപ്പിന്റെ ആദ്യാവസാന പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പക്കൽ നിന്ന് 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.