കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുള്ള ദുരന്തങ്ങളും സംഘർഷവും മൂലം കഴിഞ്ഞവർഷം ദശലക്ഷക്കണക്കിനാളുകൾ ആഭ്യന്തര പലായനത്തിനു നിർബന്ധിതരായെന്നു പഠനറിപ്പോർട്ട്. ജനീവ ആസ്ഥാനമായുള്ള ആഭ്യന്തര കുടിയേറ്റ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച പരസ്യപ്പെടുത്തിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണു കഴിഞ്ഞ വർഷത്തേതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷം 55 ദശലക്ഷത്തോളം ജനങ്ങൾക്കാണു തങ്ങളുടെ വാസസ്ഥലം വിട്ടൊഴിഞ്ഞ് അതേ രാജ്യത്തെതന്നെ മറ്റൊരിടത്ത് തുടരേണ്ടിവന്നത്. ഇവരിൽ 48 ദശലക്ഷം പേർ സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ആഭ്യന്തരകുടിയേറ്റത്തിനു നിർബന്ധിതരായവരാണ്. അവശേഷിച്ച ഏഴ് ദശലക്ഷം ആളുകൾ പ്രകൃതിദുരന്തങ്ങളെത്തുടർന്നും.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള ദുരന്തങ്ങൾക്കുപുറമേ പുതിയ മേഖലകളിലെ സംഘർഷങ്ങളും ഇത്തരമൊരു സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുകയായിരുന്നുവെന്നും നോർവേ കേന്ദ്രമായുള്ള അഭയാർഥി കൗൺസിലുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടന പറയുന്നു.
മറ്റ് രാജ്യങ്ങളിലേക്കുള്ള അഭയാർഥികളുടെ ഇരട്ടിയാണ് ആഭ്യന്തര കുടിയേറ്റത്തിനു നിർബന്ധിതരാകുന്നവരുടെ എണ്ണം. കോവിഡ് മൂലമുള്ള യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ സൂക്ഷ്മവിവരങ്ങൾ ശേഖരിക്കാൻ ലഭ്യമല്ലെന്നും അതിനാൽ ആളുകളുടെ എണ്ണം ഭീമമായി ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
എത്യോപ്യ, മൊസാംബിക്, ബുർകിനോഫാസോ തുടങ്ങിയ രാജ്യങ്ങളിലെ വിധ്വംസക ശക്തികളും കോംഗോ, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് ആഭ്യന്തര പലായനങ്ങളുടെ നിരക്ക് ഉയർത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.