കൊവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ; മൂന്നംഗ സമിതി പഠനം

0
88

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതൽ എട്ട് മാസത്തിനുള്ളിലുണ്ടാവും. ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ മൂന്നംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. മെയ് അവസാനമാകുന്നതോടു കൂടി രാജ്യത്ത് പ്രതിദിനം 1.5 ലക്ഷം രോഗികൾ ഉണ്ടാകുമെന്നും പഠനം പറയുന്നു. ജൂലൈയോടെ ഇത് 20,000 രോഗികളായി കുറയും.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, കേരള, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് രോഗവ്യാപനം തീവ്രതയിലെത്തിയെന്ന് ഐ.ഐ.ടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ അറിയിച്ചു.

അതേസമയം, തമിഴ്‌നാട്, പുതുച്ചേരി, അസം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ രോഗബാധ തീവ്രതയിലെത്തും. രാജ്യത്ത് വാക്‌സിൻ കൂടുതൽ പേർക്ക് നൽകിയാൽ മാത്രമേ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാൻ സാധിക്കൂ എന്ന് പഠനത്തിൽ പറയുന്നു.