മുംബൈയിൽ അപകടത്തിൽപെട്ട ബാർജിലെ ഇരുപതോളം മലയാളികളെ നാവിക സേന രക്ഷപെടുത്തി

0
57

 

 

മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് അപകടത്തിൽപെട്ട പി305 ബാർജിലെ ഇരുപതോളം മലയാളികളെ നാവിക സേന രക്ഷപെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാവിക സേന കടലിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ സുരക്ഷിതരായി രക്ഷപെടുത്താൻ കഴിഞ്ഞു. അപകടത്തിൽപ്പെട്ട അൻപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ബാർജിലുണ്ടായിരുന്ന 188 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷപ്പെടുത്തി കരയിൽ എത്തിച്ചിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും, പരുക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.