ജനകീയ സർക്കാറിന്റെ രണ്ടാം സത്യപ്രതിജ്ഞ ഇന്ന്, സ്‌റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ടവർമാത്രം

0
58

 

 

ചരിത്രനിമിഷത്തിലേക്ക്‌ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്‌. കേരളം കാതോർത്തിരുന്ന, മലയാളമാകെ നെഞ്ചോടുചേർത്തുവെച്ച ജനകീയ സർക്കാറിന്റെ രണ്ടാം ദൗത്യത്തിന്‌ വ്യാഴാഴ്‌ച പകൽ മൂന്നരയ്‌ക്ക്‌ നാന്ദികുറിക്കും.

പുതുമുഖ ഭൂരിപക്ഷത്തോടെ, കരുത്തരുടെ, വൈവിധ്യത്തിന്റെ പുതിയൊരു കാൽവെപ്പിന്‌ കൂടിയാണ്‌ കേരളം സാക്ഷിയാവുക. എല്ലാ പ്രതിസന്ധികളെയും അസാമാന്യകരുത്തോടെ അതീജിവിച്ച, ഒരു ജനതയെ ആകെ ആത്മവിശ്വാസത്തോടെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പുതിയ ടീം കേരള. സെൻട്രൽ സ്‌റ്റേഡിയത്തിൽ കർശന കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

ജനസഞ്ചയം വീടുകളിലിരുന്ന്‌ ദൃശ്യമാധ്യമങ്ങളിലൂടെ സാക്ഷിയാകും. സെൻട്രൽ സ്‌റ്റേഡിയത്തിലല്ല ജനങ്ങളുടെ മനസ്സിലാണ്‌ സത്യപ്രതിജ്ഞയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആവേശമാണ്‌ ജനങ്ങൾക്ക്‌ നൽകിയത്‌. കേരള ചരിത്രത്തിലെ ആദ്യ തുടർഭരണത്തിന്റെ സത്യപ്രതിജ്ഞയും അങ്ങനെ മറ്റൊരു ചരിത്രമാകും.

സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കം സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തിയായി. കോവിഡ്–-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ്‌ പ്രവേശനം. പശ്‌ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധാനംചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ്‌ എംപിയും തമിഴ്‌നാട്‌ സർക്കാരിനെ പ്രതിനിധാനംചെയ്‌ത്‌ ഒരു മന്ത്രിയും പങ്കെടുക്കും.

ക്ഷണക്കത്ത്‌ ലഭിച്ചവർ പകൽ 2.45നുമുമ്പ് സ്റ്റേഡിയത്തിൽ എത്തണം. ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. ശാരീരിക അകലം അടക്കമുള്ള കോവിഡ്- പ്രോട്ടോകോൾ കർശനമായി പാലിക്കണം. സെക്രട്ടറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റ്‌ വഴിയാണ് പ്രവേശനം.

സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പരിമിതപ്പെടുത്തി ചടങ്ങ് നടത്താൻ കോടതി അനുമതി നൽകി. പരമാവധി ആളെ കുറയ്‌ക്കണമെന്നും നിർദേശിച്ചു.

ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് മെയ് ആറിലെയും പതിനാലിലെയും സർക്കാർ ഉത്തരവുകളിലെ നിബന്ധനകൾ കർശനമായി പാലിക്കണം. വിശിഷ്ട വ്യക്തികളുടെ കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച്‌ നിർദേശിച്ചു. ഭരണഘടനാപരമായ ചടങ്ങ് എല്ലാ അർഥത്തിലും ഭംഗിയായി നടത്തേണ്ടതുണ്ടെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. വ്യാഴാഴ്‌ച സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ഗവർണർക്ക്‌ അയക്കും. ഗവർണർ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലൻസ്‌,ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ തുടർന്നും കൈകാര്യം ചെയ്യും.