ഓൺലെെൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി കേന്ദ്രീകൃത പ്ലാറ്റ്‌ ഫോം

0
113

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഓൺലെെൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി കേന്ദ്രീകൃത പ്ലാറ്റ്‌ ഫോം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റാണ് 10, പ്ലസ്‌ ടു ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി പദ്ധതി തയ്യാറാക്കുന്നത്.

കോവിഡ്‌ മഹാമാരി വ്യാപനം പൂർണമായും തടയുന്നതുവരെ സ്‌കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ ജൂൺ ഒന്നിന്‌ ആരംഭിക്കുന്ന ഡിജിറ്റൽ ക്ലാസുകൾക്കുപുറമെ എസ്‌എസ്‌എൽസി, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ അധ്യാപകർ ഓൺലൈനിൽ ക്ലാസുകൾ നൽകുന്നതിനുള്ള സംവിധാനവും ഒരുക്കുന്നത്‌.

സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത്‌. ഓരോ വിഷയത്തിലും ക്ലാസെടുക്കുന്ന അധ്യാപകരെ നേരിൽ കാണാനും വിദ്യാർഥികളെ മുഴുവൻ ഓൺലൈനിൽ കണ്ട്‌ അധ്യായനം നടത്താനും അധ്യാപകർക്കും പൊതുവിദ്യാലയങ്ങളിൽ അവസരം ലഭിക്കും.

വിദ്യാർഥികൾക്ക്‌ രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ലിങ്കിലൂടെ ക്ലാസിൽ കയറാനാകും. ഓരോ വിഷയത്തിലും അധ്യാപകർക്ക്‌ ഒരു മണിക്കൂർവരെ തടസ്സമില്ലാതെ ക്ലാസുകൾ നൽകാനാകും. വിക്ടേഴ്‌സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകൾ ഈ ഓൺലൈൻ ലിങ്കിലൂടെയും അധ്യാപകർക്ക്‌ കാണിക്കാനാകും.