17 പുതുമുഖങ്ങള്‍ ; പുതിയ മന്ത്രിസഭാ നാളെ അധികാരത്തിലേറും

0
58

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത്‌ പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്‌. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള സിപിഐ എം മന്ത്രിമാരെയെല്ലാം ഒഴിവാക്കാൻ സംസ്ഥാന കമ്മിറ്റി യോഗമാണ്‌ തീരുമാനിച്ചത്‌.

രണ്ട്‌ വനിതകളും മുൻ സ്‌പീക്കർ കെ രാധാകൃഷ്‌ണനും (ചേലക്കര) അടങ്ങിയ മന്ത്രിമാരുടെ പട്ടികയാണ്‌ അംഗീകരിച്ചത്‌. സിപിഐ എം നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തീരുമാനിച്ചു. 1957ന് ശേഷം ആദ്യമായാണ് ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്.

എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണ ജോർജ്, വി അബ്ദുറഹ്മാൻ എന്നിവരാണ് മന്ത്രിമാർ. തൃത്താലയിൽനിന്ന് വിജയിച്ച എം ബി രാജേഷ് സ്പീക്കറാകും. കെ കെ ശൈലജയെ പാർട്ടി വിപ്പ് ആയും നിയമസഭാ കക്ഷി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു.

സിപിഐയുടെ മന്ത്രിമാരായ നാലുപേരും പുതുമുഖങ്ങളാണ്. പി പ്രസാദ് , കെ രാജൻ, ജെ ചിഞ്ചുറാണി , ജി ആർ അനിൽ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കർ. റോഷി അഗസ്റ്റിനെ മന്ത്രിയായും ഡോ. എൻ ജയരാജിനെ ചീഫ് വിപ്പായും കേരള കോൺഗ്രസ് എം തീരുമാനിച്ചു. അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു ( ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരെ മന്ത്രിമാരായി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി (ജെഡിഎസ്), എ കെ ശശീന്ദ്രൻ (എൻസിപി) എന്നിവർ മന്ത്രിസഭയിൽ തുടരും.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. എല്ലാ ഒരുക്കവും പൂർത്തിയായി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പകൽ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

പ്രത്യേകം ക്ഷണിച്ച 500 പേർ മാത്രമാകും ചടങ്ങിനെത്തുക. വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചനക്കുശേഷമാകും സത്യപ്രതിജ്ഞയ്ക്ക് എത്തുക. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുള്ള തീയതിയും പ്രോടേം സ്പീക്കറെയും മന്ത്രിസഭായോഗം തീരുമാനിക്കും. തുടർന്ന് സഭ വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. ചില സുപ്രധാന തീരുമാനങ്ങളും ആദ്യ മന്ത്രിസഭായോഗത്തിലുണ്ടായേക്കും.