സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകർ മെയ് 25നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
2021-22 വർഷത്തേക്കുള്ള പ്രവേശനം മെയ് 18ന് ആരംഭിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവണം ഇത്. ലോക്ക്ഡൗണിന് ശേഷം പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ കെറ്റിലൂടെ ഉടൻ അറിയാൻ കഴിയും.
ഇക്കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങളുടെ അവലോകനം നടത്തണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളുമായി ക്ലാസ് ടീച്ചർമാർ ഫോണിൽ ആശയവിനിമയം നടത്തും. കുട്ടികളുടെ പഠനനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും.