പാർട്ടി തീരുമാനം അംഗീകരിക്കുന്നു; പുതുമുഖങ്ങൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും; പിന്തുണയ്ക്ക് നന്ദി; കെ കെ ശൈലജ

0
69

 

ആരോഗ്യമന്ത്രി എന്ന നിലയിൽ പാർടി ഏൽപിച്ച ഉത്തരവാദിത്വം തനിക്ക് കഴിയാവുന്ന വിധത്തിൽ നിർവഹിക്കാനായി എന്ന് കെ കെ ശൈലജ. പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തുണ്ട്. തന്നെ പാർടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാർടിയിൽ.

പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയിൽ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.താൻ മാത്രമല്ല കഴിഞ്ഞ പ്രാവശ്യമുണ്ടായിരുന്നതിൽ കുറേയേറെ മന്ത്രിമാർ ഇത്തവണയില്ല. കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാ അംഗങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു. പാർടിയാണ് തന്നെ മന്ത്രിയായി തീരുമാനിച്ചത്. അത് പ്രകാരം നന്നായി പ്രവർത്തിക്കാനായി.

മന്ത്രിസഭയിൽ ഇല്ലാത്തതുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഈ മഹാമാരിയെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവകുപ്പും ചേർന്നാണ് നയിച്ചത്. അതിൽ തന്റെ പങ്ക് നിർവഹിച്ചു. ഒരു വ്യക്തിയല്ല, സംവിധാനമാണ് പ്രവർത്തിച്ചത്. വലിയ ടീമാണ് ഇതിനുപിന്നിലുള്ളത്. താൻ ആരോഗ്യമന്ത്രിയായതുകൊണ്ട് ആ ഉത്തരവാദിത്വം നിർവഹിച്ചു.-ശൈലജ പറഞ്ഞു.

വളരെയേറെ സംഘർഭരിതമായ അഞ്ചുവർഷമാണ് കടന്നുപോയത്. പ്രളയവും കോവിഡുമടക്കമുള്ള മഹാമാരികൾ നേരിടേണ്ടി വന്നു. ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിൽ ജനങ്ങളാകെ നൽകിയ പിന്തുണ വലുതാണ്.

പൊതുജനങ്ങൾക്ക് ഈ മന്ത്രിസഭയിലെ എല്ലാവരോടും നല്ല സ്‌നേഹമാണ്. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്.പുതിയ ആളുകൾ വരുന്നത് വളരെ നല്ല കാര്യമാണ്. അവസരം കിട്ടുമ്പോൾ എല്ലാവരും നല്ലപോലെ പ്രവർത്തിക്കുമെന്നും ശൈലജ പറഞ്ഞു.