എസ് എസ് എൽ സി പരീക്ഷ നടത്തിയ സർക്കാരിന് സത്യപ്രതിജ്ഞ സിംപിളാണ്, ഫഹദ് മർസൂഖ് എഴുതുന്നു

0
107

പുതിയ എൽഡിഎഫ്‌ മന്ത്രിസഭ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും.കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌, ഒഴിവാക്കാനാകാത്തവരെ മാത്രം ഉൾപ്പെടുത്തിയായരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്‌. പരമാവധി 500 പേരാണ്‌ 50000 പേർക്ക്‌ ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തിൽ പങ്കെടുക്കുക.

എന്നാൽ ട്രിപ്പിൾ ലോക്ക്ഡൌൺ അടക്കം നടപ്പാക്കിയിരിക്കുന്ന സംസ്ഥാനത്ത് 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞാ ചടങ്ങ്‌ നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഈ വിമര്ശനങ്ങ്ൾക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ഫഹദ് മർസൂഖ് .

എസ് എസ് എൽ സി പരീക്ഷ നടത്തിയ സർക്കാരിന് സത്യപ്രതിജ്ഞ സിംപിളാണ് എന്നും പാസ്സ് കിട്ടിയിരുന്നേൽ ഞാനും പോയേനെ. ലോക്ക്ഡൗണിലും ജോലി ചെയ്യേണ്ടി വന്നിരുന്നത് മൂലമുണ്ടായ ഒരു സാഹചര്യം കൊണ്ട് ഇന്ന് RTPCR ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്‌ നെഗറ്റീവ് ആണേൽ ആരേലും പാസ്സ് തന്നാൽ എനിക്ക് പോവാൻ ആഗ്രഹമുണ്ട്! – എന്നും ഫഹദ് മർസൂഖ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തിനാണ് ലോക്ക്ഡൌൺ?

ഞാൻ മനസ്സിലാക്കുന്നത് ലോക്ക്ഡൌൺ എന്നത് രോഗവ്യാപനം തടയാനുള്ള ഒരു ഉപാധി മാത്രമാണ്. രോഗവ്യാപനം തടയലാണ്, അത്‌ മാത്രമാണ് വിഷയം…

അതുകൊണ്ട് തന്നെ രോഗവ്യാപനം തടയനാകുമെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് എന്ത് പരിപാടി സംഘടിപ്പിക്കപ്പെടുന്നതിനോടും എനിക്ക് വ്യക്തിപരമായി യോജിപ്പാണ്. അതിപ്പോ കല്യാണമാണെങ്കിലും അടിയന്തരമാണെങ്കിലും പരീക്ഷയാണെങ്കിലും കച്ചവടമാണെങ്കിലും സമരമാണെങ്കിലും പ്രാർത്ഥനയാണേലും സത്യപ്രതിജ്ഞയാണെങ്കിലും എന്ത് കുന്തമാണെങ്കിലും ശരി, രോഗവ്യാപനം ഉണ്ടാകില്ലെന്ന് സാധ്യമായ എല്ലാ വിധത്തിലും ഉറപ്പാക്കി കൊണ്ട്‌ നടത്തി കാണിക്കണമെന്നാണ് എന്റെ പക്ഷം. പറയുന്ന പോലെ ഇതിൽ പലതിലും അതുറപ്പാക്കാൻ ഭയങ്കര പ്രയാസമായിരിക്കും എന്നത് വേറെ കാര്യം..

കഴിഞ്ഞ കൊല്ലത്തെ ലോക്ക്ഡൗണിലാണ് പെങ്ങളുടെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞത്. അന്നത് നടന്നത് കൊണ്ട്‌ ഓളുടെയും ഓളെ പോലത്തെ ലക്ഷക്കണക്കിന് കുട്ട്യോളുടെയും ഒരു കൊല്ലം പോയില്ല. എന്നാൽ അതിന്റെ മോളിലുള്ള പെങ്ങളുടെ ഏതോ സെമസ്റ്റർ പരീക്ഷ നീണ്ടുനീണ്ട് പോവുകയും ഒടുക്കം അത്‌ നടന്നിപ്പോൾ അതിന്റെ റിസൾട്ട് നീണ്ടു നീണ്ട് പോവുകയും ചെയ്യുന്നത് കൊണ്ട്‌ ഓളുടെ ഒരു കൊല്ലം പോയ പോലാണ്…

എന്റെ വല്യുപ്പ മരിച്ചത് കഴിഞ്ഞ കൊല്ലം ജൂണിലാണ്. എനിക്ക് കാണാൻ പറ്റിയില്ല. രാത്രിയാണ് മരിച്ചത്. രാവിലെ തന്നെ ഖബ്റടക്കി. നാട്ടിലെ പരിചയക്കാരും ബന്ധുക്കളുമെല്ലാമായി നൂറുകണക്കിന് ആളുകൾ മയ്യിത്ത് കാണാൻ വന്നെന്ന് ഞാൻ എത്തിയപ്പോ അവിടുന്ന് പറഞ്ഞു കേട്ടു. ഒരു സമയവും അവിടെ അനുവദനീയമായതിൽ കൂടുതൽ ആള് കൂടിയിട്ടില്ലത്രെ!! അങ്ങനെയായാലും അത്‌ മാനദണ്ഡ ലംഘനം തന്നെയാവും. എന്നാലും നാട്ടിലൊക്കെ കാര്യങ്ങൾ നടക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് തോന്നുന്നത്.

ഏതായാലും പൊതുവെ തന്നെ എന്റെ നിലപാട് ലോക്ക്ഡൌൺ വിരുദ്ധമായത് കൊണ്ട്‌ സത്യപ്രതിജ്ഞ ചടങ്ങിനോടും ‘ന്യായീകരണ’ നിലപാട് തന്നെയാണ്. പാസ്സ് കിട്ടിയിരുന്നേൽ ഞാനും പോയേനെ. ലോക്ക്ഡൗണിലും ജോലി ചെയ്യേണ്ടി വന്നിരുന്നത് മൂലമുണ്ടായ ഒരു സാഹചര്യം കൊണ്ട് ഇന്ന് RTPCR ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്‌ നെഗറ്റീവ് ആണേൽ ആരേലും പാസ്സ് തന്നാൽ എനിക്ക് പോവാൻ ആഗ്രഹമുണ്ട്!

ഇനി ഈ സമയത്ത് ഇങ്ങനെയൊരു പരിപാടി നടത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നാണോ എന്ന് ആരേലും ചോദിച്ചാൽ കോവിഡുമായി ബന്ധപ്പെട്ട് സാങ്കേതികമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ ധാർമികമായി ഒരു പ്രശ്നമുണ്ടെന്ന് തന്നെ സമ്മതിക്കുകയും ചെയ്യും. ഗുണപരമല്ലാത്ത ഒരു സന്ദേശം ഇത്‌ തീർച്ചയായും നൽകും. അല്ലേൽ അങ്ങനെയൊരു സന്ദേശമാക്കി ഇതിനെ ചില കൂട്ടർ മാറ്റിയെടുക്കും. ലോക്ക്ഡൗണിൽ frustrated ആയി ഇരിക്കുന്ന സാധാരണക്കാരിലേക്ക് ഇത്‌ പെട്ടെന്ന് എത്താനും അവരിതിനെ വൈകാരികമായി സമീപിക്കാനും സാധ്യത കൂടുതലാണ്.

ദുരന്തഘട്ടത്തിൽ മുഴുവൻ ആളുകളുടെയും പൂർണ്ണമായ പിന്തുണ ഉറപ്പാക്കൽ പ്രധാനമായത് കൊണ്ട്‌ തന്നെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്രേം ആളെ പങ്കെടുപ്പിക്കുന്നതിൽ അസംതൃപ്തരാവുന്നവുന്നവരുടെ സഹകരണം നഷ്ടപ്പെട്ടേക്കാം. അതൊരു പ്രശ്നമാണ്. ആ കൂട്ടം ചെറുതാണേലും വലുതാണേലും.
ഏതായാലും ഇടതുപക്ഷം 500 എന്ന നമ്പർ തീരുമാനിച്ചു കഴിഞ്ഞു. സ്വാഭാവികമായും അടുത്ത 5 കൊല്ലവും ഏത് ചെയ്തിക്കും അവർ കേൾക്കാൻ പോവുന്ന പ്രധാന ആക്ഷേപം ‘തുടർഭരണത്തിന്റെ ധാർഷ്ട്യം, അധികാരത്തിന്റെ അഹങ്കാരം’ എന്നതിതിലും കേട്ടോളും…

അല്ലേലും ധാർഷ്ട്യം എന്ന വാക്കിനെ ജനകീയമാക്കിയത് തന്നെ പിണറായി വിജയനാണല്ലോ… ഒരു കൊറോണയും ഇല്ലാതിരുന്ന 2016 ലെ സത്യപ്രതിജ്ഞയിൽ വരെ പിണറായി വിജയന് തെറിയും പ്രാക്കും കേട്ടിരുന്നു. സ്റ്റാർ ക്യാമ്പയിനറായിരുന്ന വി.എസിനെ ‘ഫിദൽ കാസ്ട്രോ’ ആക്കി പിണറായി മുഖ്യമന്ത്രിയായതിലെ ചീത്ത വിളികളായിരുന്നു അന്ന് മൊത്തം എയറിൽ.. അഞ്ച് കൊല്ലങ്ങൾക്കിപ്പുറം പ്രവർത്തനം കൊണ്ടയാളെന്തായിയെന്നത് ചരിത്രം! ഇത്തവണയും സോഷ്യൽ മീഡിയക്കാരുടെ തെറി വിളിക്കിടയിലൂടെയാണ് സത്യപ്രതിജ്ഞ. ബാക്കി കാലത്തിന് വിടുന്നു…

ഞാൻ നോക്കുന്നത് പക്ഷെ അതൊന്നുമല്ല. ഇത്രേം ജനരോഷമുണ്ടായ സ്ഥിതിക്ക് ക്ഷണിക്കപ്പെടുന്ന ഈ 500 ആൾക്കാർ പരിപാടിക്ക് എത്തുമോന്നാ.. ഒടുക്കം സർക്കാർ ചമ്മി പോവുമൊന്നാ..!
500 ൽ 99 LDF എംഎൽഎമാരിൽ കോവിഡ് പോസിറ്റീവ് അല്ലാത്തവർ, 8 എൽഡിഎഫ് എംപിമാർ, ഗവർണർ, അത്യാവശ്യം വേണ്ട ഉദ്യോഗസ്ഥരും പോലീസുകാരും കഴിഞ്ഞാൽ പിന്നേയും 300 പേര് വേണം ആളെ തികയ്ക്കാൻ… എൽഡിഎഫുകാർ അഹങ്കാരം കൊണ്ട്‌ പ്രതിഷേധം കാര്യമാക്കിയില്ലേലും അതില്ലാത്ത യൂഡിഎഫുകാർ, മറ്റ് പാർട്ടിക്കാർ, ന്യായാധിപന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മത സമുദായിക നേതാക്കൾ (ഇവരെയും വിളിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം!) മാധ്യമ പ്രവർത്തകർ. ഇതിൽ ആരൊക്കെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് പ്രതിഷേധക്കാരോടൊപ്പം നിൽക്കും എന്നാണ് ഞാൻ കാത്തിരിക്കുന്നത്…

വീണ്ടും പറയട്ടെ.. ഇവരാരേലും പിന്മാറി പാസ്സ് ബാക്കി ആവുകയാണേൽ, ആളെ തികയ്ക്കാൻ വേണ്ടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പരിപാടിക്ക് വരാൻ ഞാൻ തയ്യാറാണ്.. ആരേലും ബന്ധപ്പെട്ടവരെ അറിയിക്കുക.
നന്ദി.