മ്യൂകോർമൈകോസിസ്‌ ; രക്തത്തിലെ ഗ്ലൂക്കോസ്‌ ദിവസവും പരിശോധിക്കണം , പ്രമേഹബാധിതർ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവിദഗ്ധർ

0
76

 

കോവിഡ്‌ ബാധിതരിലും രോഗമുക്തരിലും സ്ഥിരീകരിച്ച മ്യൂകോർമൈകോസിസ്‌ ഫംഗൽബാധ പ്രമേഹബാധിതരിൽ ഗുരുതരമാകാൻ സാധ്യത. അതിനാൽ കോവിഡ്‌ പോസിറ്റീവായതും രോഗമുക്തി നേടിയതുമായ പ്രമേഹരോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവിദഗ്ധർ. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിൽ ഫംഗൽബാധ ഗുരുതരമാകാമെന്ന്‌ ഐസിഎംആറും വ്യക്തമാക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ്‌ ക്രമാതീതമായി വർധിക്കുന്ന അവസ്ഥയായ ഹൈപ്പർ ഗ്ലൈസീമിയ നിയന്ത്രണവിധേയമാക്കണം. കോവിഡ്‌ ചികിത്സയിലുള്ളപ്പോഴും ഭേദമായി വിശ്രമിക്കുമ്പോഴും ദിവസവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ പരിശോധിക്കണം. ഇതിനായി ഗ്ലൂക്കോസ്‌ മീറ്റർ വാങ്ങി ഉപയോഗിക്കാം. അളവ്‌ കൂടുതലായാൽ ഫംഗൽ ബാധ ലക്ഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഡോക്ടറുടെ അഭിപ്രായം തേടണം.

പ്രമേഹബാധിതർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നും ആഹാരക്രമവും മുടക്കുന്നത്‌ രോഗം വന്നാൽ സ്ഥിതി ഗുരുതരമാക്കും. ദിവസവും വ്യായാമം ചെയ്യുന്നതും ഗുണമുണ്ടാക്കും. ദീർഘകാലം ഐസിയുവിൽ കഴിഞ്ഞവരിലും മ്യൂകോർമൈകോസിസ്‌ സാധ്യത തള്ളിക്കളയാനാകില്ല. പ്രമേഹമില്ലാത്തവരിലും നിലവിൽ ഫംഗൽ ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാൽ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കണം.

മണ്ണ്‌, പായൽ, വളം തുടങ്ങിയ വസ്തുക്കളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർ മാസ്‌ക്കിനൊപ്പം കൈയുറ, കൈകളും കാലുകളും പൂർണമായി മറഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ധരിക്കണമെന്ന്‌ ഐസിഎംആർ നിർദേശമുണ്ട്‌. മ്യൂകോർമൈകോസിസ്‌ ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന ആരോഗ്യവകുപ്പ്‌ കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

രക്തത്തിലുള്ള സ്വാഭാവിക ഗ്ലൂക്കോസ്‌ അളവ്‌ 140 മില്ലി ഗ്രാമാണ്‌. 200ൽ കൂടുതലായാൽ അത്‌ പ്രമേഹമാകും. 140നും 199 നും ഇടയിലാണ്‌ അളവെങ്കിൽ ഇത്‌ പ്രമേഹസാധ്യതയും ചൂണ്ടിക്കാട്ടുന്നു.