സിപിഐയില്‍ നിന്ന് ആദ്യത്തെ വനിതാമന്ത്രി ; ജെ ചിഞ്ചുറാണി

0
192

സിപിഐയില്‍ നിന്ന് ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തില്‍ നിന്നാണ് അമ്പത്തെട്ടുകാരിയായ ഇവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ ഭരണിക്കാവ് തെക്കേ വിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എൻ. ശ്രീധരൻ്റെയും ജഗദമ്മയുടേയും മകളായി 1963ൽ ജനിച്ച ചിഞ്ചുറാണി 1970 ൽ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. കൊല്ലം ഭരണിക്കാവ് എൽ. പി സ്ക്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. പ്രൈമറി വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കലാ-കായിക രംഗങ്ങങ്ങളിൽ മികവു തെളിയിച്ച അവര്‍ കൊല്ലത്തെ അറിയപ്പെടുന്ന കായിക താരമായി. കൊല്ലം ശ്രീ നാരായണ വനിതാ കോളജിലെ തുടർച്ചയായി ചാമ്പ്യനാകുകയും ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് കേരളത്തെ പ്രതിനീധീകരിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നും നേരിട്ട് മെഡലുകൾ ഏറ്റുവാങ്ങി.

കൊല്ലം അയത്തിൽ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവർത്തിക്കന്ന അവസരത്തിൽ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചു.ഇപ്പോൾ പാർട്ടി ദേശീയ കൗൺസിലംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻ്റും പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സനുമാണ്. സി അച്യുതമേനോൻ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തുമെമ്പർ, കൊല്ലം കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ജില്ലാ പഞ്ചായത്തംഗം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ, വൈസ് പ്രസിഡൻ്റ് ,പ്രസിഡൻറ് എന്നീ നിലകളിൽ 20 വർഷക്കാലം തുടർച്ചയായി പ്രവർത്തിച്ചു.

ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മക്കൾ നന്ദു സുകേശൻ ഇന്റീരിയൽ ഡിസൈനർ, നന്ദന റാണി പ്ലസ്ടു വിദ്യാർഥിനി.