മാധ്യമ വിശ്വാസ്യത :മാപ്പു പറയാൻനാവ് പൊങ്ങുമോ

0
55

 

– കെ വി –
സർവജ്ഞപട്ടം സ്വയം സ്വീകരിച്ചവരാണ് അറിയപ്പെടുന്ന വലതുപക്ഷ വാർത്താമാധ്യമ പ്രവർത്തകരിൽ മിക്കവരും ; ഒപ്പം അവരെ തീറ്റിപ്പോറ്റുന്ന മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും . ആത്മപരിശോധനയോ തെറ്റുതിരുത്തലോ ഒന്നും അവരുടെ അജൻഡയിൽ പെടുന്നതല്ല. പാളിച്ചകൾക്കും പിഴവുകൾക്കും മുകളിൽ അടയിരിക്കാനാണ് അവർക്ക് ഏറെയിഷ്ടം. പെരും നുണകളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണവർ കോവിഡ് മഹാമാരിയുടെ ഈ ദുരിതനാളുകളിൽപോലും.

അക്കൂട്ടരുടെ ഉളുപ്പില്ലായ്മക്ക് മുമ്പിലേക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കൺവീനർ എ വിജയരാഘവൻ ഇമ്മ്ണി മൂർച്ചയുള്ളൊരു ചോദ്യമെറിഞ്ഞിരിക്കുന്നത്. എൽ ഡി എഫിനെതിരെ കരുതിക്കൂട്ടി നടത്തിപ്പോന്ന നുണപ്രചാരവേലയിൽ പൊളിഞ്ഞുപാളീസായ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇനിയെങ്കിലും സ്വയം വിമർശനത്തിന് തയ്യാറാവുമോ എന്നാണ് ചോദ്യം. വിശ്വാസ്യത പൂർണമായി കളഞ്ഞുകുളിക്കൽ ഒരു മാധ്യമത്തിനും ഭൂഷണമല്ലല്ലോ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് സമമല്ലേ അത്..! അതിനാൽ ശരിയുടെ / വസ്തുതകളുടെ പക്ഷത്തേക്ക് അല്പമെങ്കിലും ഒരടുപ്പം …?

ജനാധിപത്യ ഭരണ സംവിധാനത്തെ താങ്ങി നിർത്തുന്ന നാലാം തൂണായാണ് വാർത്താ മാധ്യമങ്ങളെ കണക്കാക്കുന്നത്. ഭരണനേതൃത്വത്തിലും നീതിനിർവഹണത്തിലും ഉദ്യോഗസ്ഥതലത്തിലുമെല്ലാം വരുന്ന വീഴ്ചകളും നയവൈകല്യങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയുള്ള തിരുത്തൽ പ്രക്രിയ മാധ്യമധർമത്തിന്റെ ഭാഗവുമാണ്. എന്നാൽ പരിധിവിട്ടുള്ള പക്ഷംചേരലും അന്ധമായ എതിർപ്പും രാഷ്ട്രീയവിരോധത്തിലൂന്നിയ വ്യക്തിഹത്യയുമൊന്നും ആശാസ്യമായ രീതിയല്ല. പക്ഷേ, കേരളത്തിൽ കുറേക്കാലമായി – ഒരു വർഷത്തിനിപ്പുറം തികച്ചും തരംതാഴ്ന്നും – വലതുപക്ഷ മാധ്യമങ്ങൾ ചെയ്തുപോന്നത് അങ്ങേയറ്റം നിന്ദ്യമായ കൂലിയെഴുത്തും കുഴലൂത്തുമായിരുന്നു.

നാടും ജനങ്ങളുമാകെ കടുത്ത ക്ലേശങ്ങൾ നേരിടുമ്പോഴും നിഷേധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ കോൺഗ്രസിനും വിദ്വേഷ രാഷ്ടീയത്തിന്റെ പ്രയോക്താക്കളായ ബി ജെ പി ക്കുംവേണ്ടി അവർ കെട്ടിയാടാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 1959-ലെ കുപ്രസിദ്ധമായ ” വിമോചന സമര” വേളയിലെ വർഗീയ – പിന്തിരിപ്പൻ – മാധ്യമ കൂട്ടുകെട്ടിനെയും നിഷ്പ്രഭമാക്കിയ രാഷ്ട്രീയ പേക്കൂത്തായിരുന്നു അത്. നേരിന്റെ നേരിയ കണികപോലുമില്ലാത്ത വിഷയങ്ങളിൽ അവർ ഒരുമിച്ചുയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ ഒന്നടങ്കം പൊള്ളയായതിനാൽ ചീറ്റിപ്പോവുകയായിരുന്നു.

ഏത് ഭരണത്തിലും മുൻപരിചയമില്ലാത്ത ചില അസാധാരണ സന്ദർഭങ്ങളിൽ അപൂർവമായി സംഭവിച്ചുപോകാവുന്ന ചില പാളിച്ചകളുണ്ടാകും. അതുസംബന്ധിച്ച് ആക്ഷേപമുയർന്നാൽ തിരുത്തുമോ എന്നതിലാണ് ഭരണ നേതൃത്വത്തിന്റെ നീതിബോധം തെളിയേണ്ടത്. എൽ ഡി എഫിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. നവസാങ്കേതിക വിദ്യയുടെ അതിരുവിട്ടുള്ള ദുരുപയോഗം നിയന്ത്രിക്കാൻ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയിൽനിന്നടക്കം പിന്മാറിയത് എത്ര നല്ല സമീപനമാണ്.

കോവിഡ് മഹാമാരി പ്രതിരോധത്തിൽ വലിയ തുണയാകുമായിരുന്ന സ്പ്രിങ്ക്ളർ സാങ്കേതിക വിവര സേവന കരാറുൾപ്പെടെ ഉപേക്ഷിച്ചത് ഒരു സംശയത്തിനും ഇടനൽകേണ്ട എന്നു കരുതിയാണ്. പഴയ യു ഡി എഫ് വാഴ്ചയിലെ പാമോയിൽ ഇറക്കുമതി കരാറിലെന്നപോലെ എല്ലാ എതിർപ്പും അവഗണിച്ച് കടിച്ചുതൂങ്ങുകയല്ല പിണറായി സർക്കാർ ചെയ്തത്. എന്നിട്ടും നല്ല നടപടികളെ പിന്തുണയ്ക്കുകയും തെറ്റായതിനെ എതിർക്കുകയും ചെയ്യുക എന്ന നിലയിലല്ല മാധ്യമങ്ങൾ പെരുമാറിയത്.

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജവാർത്തകളും വലതുപക്ഷ വാർത്താ മാധ്യമങ്ങളുടെ നാണിപ്പിക്കുന്ന അപചയങ്ങൾക്ക് നിത്യസാക്ഷ്യമാണ്. മുമ്പ് കോൺഗ്രസ് ഗ്രൂപ്പുവഴക്ക് മൂർച്ഛിച്ച് പൊട്ടിത്തെറിയിലെത്തിയ കാലത്ത് കെ കരുണാകരനെ പുകച്ചു പുറത്തുചാടിക്കാൻ പടച്ചുണ്ടാക്കിയ ഐ എസ് ആർ ഒ ചാരക്കേസിലേ ഇതുപോലെ അപവാദ സൃഷ്ടികൾ ഉണ്ടായിട്ടുള്ളൂ. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരായ ബി ജെ പി നേതാക്കളെ പ്രീതിപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ മെനഞ്ഞ കഥകൾക്ക് എരിവും പുളിയും പകരുകയായിരുന്നു നില മറന്നിറങ്ങിയ ഏതാനും മാധ്യമ പ്രവർത്തകർ .

കസ്റ്റഡിയിലുള്ള പ്രതികളിൽനിന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അന്വേഷണ ഉദ്യോഗസ്ഥർ എടുക്കുന്ന മൊഴികൾ നിയമ പിൻബലം ഇല്ലാത്തതാണ്. കേസ് വിചാരണവേളയിൽ അനുബന്ധ തെളിവുകളും നേരിട്ട് നൽകുന്ന മൊഴികളും കോടതിക്ക് ബോധ്യപ്പെട്ടാലേ അവ നിയമസാധുതയുള്ളതാവൂ. അത്തരം മൊഴികൾ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ ആർക്കും ചോർത്തിക്കൊടുക്കാൻ പാടുള്ളതുമല്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെ കരിതേച്ചുകാട്ടാൻ എത്രയെത്ര നുണപരമ്പരകളാണ് മകാരാദി മാധ്യമങ്ങളിൽ കുത്തിനിറച്ചത്. അതിനൊക്കെ പ്രായശ്ചിത്തം ചെയ്യാൻ ഏത് മാധ്യമലേഖകരും അവതാരകരും തയ്യാറാവും..!

കേന്ദ്ര അന്വേഷണ ഏജൻസികളോട് നാണംകെട്ട വിധേയത്വമാണ് മുഖ്യധാരാ മാധ്യമങ്ങൾ കാണിച്ചത്. ഫെഡറൽ തത്ത്വങ്ങളെയും ജനാധിപത്യ മര്യാദകളെയും മറികടന്നുള്ള വേട്ടയാടലിനെ ഒരു ഘട്ടത്തിലും അവർ എതിർത്തില്ല. സംസ്ഥാനത്തോടും ജനങ്ങളോടും കൂറു പുലർത്തേണ്ട നിർണായക ഘട്ടങ്ങളിൽവരെ ഒട്ടും യുക്തിസഹമല്ലാത്ത വിധത്തിൽ രാഷ്ട്രീയ വിരോധത്തിൽ അവർ മൂക്കറ്റംമുങ്ങി. ചില്ലറ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചും വകതിരിവോടെ സർക്കാരിന് ഒപ്പം നിൽക്കേണ്ട ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു.

നാടിന്റെ മുഖഛായ മാറ്റിയ വമ്പൻ വികസന സംരംഭങ്ങളെയെങ്കിലും അവർ അകമഴിഞ്ഞ് പിന്തുണയ്ക്കേണ്ടതായിരുന്നു. എന്നാൽ അത്തരം അടിസ്ഥാന സൗകര്യ വികസനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്ന കിഫ്ബി ക്കെതിരെയുള്ള കേന്ദ്ര നടപടികളെയടക്കം അനുകൂലിക്കുകയാണ് ചെയ്തത്.

നശീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് ജനങ്ങൾക്ക് മുമ്പിൽ സ്വയം സ്ഥാപിച്ചെടുത്ത യു ഡി എഫ് – ബി ജെ പി നേതാക്കളെ വെള്ളപൂശിക്കാട്ടാൻ മുന്നിട്ടിറങ്ങി പരിഹാസ്യരാവുകയായിരുന്നു പല മാധ്യമ കേസരികളും . നിത്യേന ഒപ്പത്തിനൊപ്പം വാർത്താ സമ്മേളനം നടത്തി അറപ്പും വെറുപ്പും ഇരന്നുവാങ്ങിയ ചെന്നിത്തല – സുരേന്ദ്ര ദ്വയത്തിന്റെ നിലവാരമിടിച്ചതിൽ അവരുടെ പങ്ക് ചെറുതല്ല.

നുണപറച്ചിലിൽ ഗിന്നസ് റെക്കോഡിന് പരസ്പരം മത്സരിക്കുന്ന അല്പബുദ്ധികളായ ഏതാനും സംഘപരിവാർമുഖങ്ങളെ അന്തിച്ചർച്ചകളിൽ എന്നും അവതരിപ്പിച്ചതും ഒരു തരത്തിൽ നന്നായി. വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടുകെട്ടിക്കുന്നതിൽ അവരുടെ വിഷംതുപ്പുന്ന നാവും വലിയ സഹായം ചെയ്തിട്ടുണ്ട് ട്ടോ. ഇടതുപക്ഷത്തിന് ലഭിച്ച എതിരറ്റ ജനസമ്മതിക്ക് മനോരമയുടെയും മറ്റും മാധ്യമ വിവരക്കേടുകൾ വലിയൊരളവ് ഗുണമായി ഭവിച്ചു എന്നതും സത്യം…