18 മുതൽ 44 വരെ പ്രായമുള്ളവരിൽ മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും

0
65

സംസ്ഥാനത്ത് 18 മുതൽ 44 വരെ പ്രായമുള്ളവരിൽ മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. ഞായറാഴ്ച വൈകിട്ടുവരെ 1,90,745 പേരാണ് https://covid19.kerala.gov.in/vaccine/ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 40,000ത്തോളം പേർ രേഖകളും അപ്‌ലോഡ്‌ ചെയ്തു. ഇതുവരെ 4.88 ലക്ഷത്തിലധികം പേർ വെബ്സൈറ്റ് സന്ദർശിച്ചു.

അനുബന്ധ രോഗമുള്ളവരെയാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. വാക്‌സിൻ നൽകുന്നതിന്റെ മാർഗനിർദേശങ്ങളും പുറത്തിറക്കി. ശനിയാഴ്ചയാണ്‌ അനുബന്ധ രോഗമുള്ള 18 മുതൽ 4‌4 വയസ്സുവരെയുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചത്‌. രോഗം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ അപ്‌ലോഡ് ചെയ്തവർക്കാണ് മുൻഗണന. നിരസിക്കപ്പെട്ടവർക്ക് മതിയായ രേഖ സഹിതം വീണ്ടും അപേക്ഷിക്കാം.

അർഹരായവരെ വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ ഈ എസ്എംഎസും കാണിക്കണം.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐടി വിങ്ങായി പ്രവർത്തിക്കുന്ന ഇ- ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ് രജിസ്‌ട്രേഷനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്.