പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം ചൊവ്വാഴ്ച

0
64

 

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം ചൊവ്വാഴ്ച രാവിലെ 11ന് ഇന്ദിരാഭവനിൽ ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുന ഖർഗെയും വി. വൈത്തിലിംഗവും ഓരോ എംഎൽഎമാരെയും പ്രത്യേകം കണ്ട് അഭിപ്രായം തേടും.

മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കേട്ടശേഷം ഹൈക്കമാൻഡായിരിക്കും അന്തിമ തീരുമാനമെടുക്കുക. പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, പ്രതിപക്ഷ നേതാവിന്റ കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. അടുത്തദിവസം പാർലമെന്ററി പാർട്ടി യോഗം ചേർന്നാലും ഉടൻ തീരുമാനമുണ്ടാകില്ല.

പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു മാറിനിൽക്കേണ്ട ആവശ്യമില്ലെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. അഞ്ചുവർഷത്തെ പ്രവർത്തനത്തിൽ ആരും പരാതി പറയാത്ത സാഹചര്യത്തിൽ എന്തിനാണ് മാറുന്നതെന്നാണ് ഇവരുടെ ചോദ്യം.

21 എംഎൽഎമാരിൽ, 12 പേർ ഐ ഗ്രൂപ്പുകാരാണ്. ഇതിൽ ചിലരെങ്കിലും ചെന്നിത്തല മാറി വി.ഡി. സതീശൻ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണന്റ പേരാണ് എ ഗ്രൂപ്പ് ഉയർത്തുന്നതെങ്കിലും ഗ്രൂപ്പിന് അതീതമായി എംഎൽഎമാർ അഭിപ്രായം പറഞ്ഞേക്കും.

എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായവും ഹൈക്കമാൻഡ് പ്രതിനിധികൾ തേടും. ഉമ്മൻ ചാണ്ടി ഇതുവരെ മനസ് തുറന്നിട്ടില്ല. ചെന്നിത്തല തുടരട്ടെയെന്ന് ഭൂരിപക്ഷം പറഞ്ഞാൽ ഹൈക്കമാൻഡിന് അംഗീകരിക്കേണ്ടിവരും. അങ്ങനെ വന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ മുല്ലപ്പള്ളി രാമചന്ദ്രനും തയാറാകില്ലെന്നാണ് സൂചനകൾ.