തീവ്രചുഴലിയായി ‘ടൗട്ടെ’, കർണാടകയിൽ നാലും ഗോവയിൽ രണ്ടും മരണം, ഗോവയിൽ നൂറിലേറെ വീടുകൾ തകർന്നു

0
77

തീവ്രചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’കർണാടകത്തിലും ഗോവയിലും കനത്ത നാശം വിതച്ചു. കർണാടകത്തിൽ നാലുപേർ മരിച്ചു. വൈകിട്ട് ആര് മാണി വരെ ഗോവയിൽ രണ്ടുപേർ കാറ്റിലും മഴയിലുംപെട്ട് മരിച്ചു. കനത്ത കാറ്റിൽ മരം കടപുഴകി വീണും വൈദ്യുതി പോസ്റ്റ് തകർന്നുമാണ് രണ്ടുപേർ മരിച്ചത്. ഗോവയിൽ മാത്രം നൂറിലേറെ വീടുകൾ തകർന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ എയർപോർട്ട് അടച്ചിട്ടു. പലയിടങ്ങളിലും വൈഡുയ്തി ബന്ധം തകരാറിലായി. മിക്ക റെക്കോഡുകളിലും ഗതാഗതം സ്തംഭിച്ചു. മണ്ണിടിഞ്ഞും മറ്റുമാണ് ഗതാഗതം താറുമാറായത്. തിങ്കളാഴ്ച വൈകിട്ട് വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ആറ് ജില്ലകളിലും, മൂന്ന് തീരദേശജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളിൽ തീരമേഖലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകത്തിലും കനത്ത ജാഗ്രത തുടരുകയാണ്.

വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ‘ടൗട്ടെ’ ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നും, അന്ന് ഉച്ച തിരിഞ്ഞോ, വൈകിട്ടോടെയോ, പോ‍ർബന്ദറിനും നാലിയയ്ക്കും ഇടയിൽ തൊടുമെന്നുമാണ് കണക്കുകൂട്ടൽ. ഈ സമയം ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 150 – 160 കിലോമീറ്ററെങ്കിലും ആയിരിക്കും.

ചുഴലിക്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി എണ്‍പതോളം ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നു ദേശീയ പ്രതിസന്ധി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. കരസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.