ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂരിലെ പഴശ്ശി ഡാം ഭാഗികമായി തുറന്നു. ഡാമിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറന്നത്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് തുടരുന്നത്. കനത്തമഴയില്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷാനടപടിയെന്നോണം ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കി കളയാന്‍ തീരുമാനിച്ചത്. വളപട്ടണം പുഴ കടന്നുപോകുന്ന പടിയൂര്‍, ഇരിക്കൂര്‍, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ‚മയ്യില്‍, മലപ്പട്ടം ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകള്‍, ആന്തൂര്‍, മട്ടന്നൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റികള്‍ എന്നി പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്തു നിന്ന് കടലില്‍ പോകുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.