‘വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്’ താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യൂ; പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

0
112

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റർ പ്രചരിപ്പിച്ചതിന് ഡൽഹിയിൽ 15 പേർ അറസ്റ്റിലായിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നതായിരുന്നു പോസ്റ്ററിലെ ആരോപണം. സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

മറ്റൊരാൾക്കു വേണ്ടിയാണ് പോസ്റ്റർ പതിച്ചതെന്ന് പിടിയിലായ ഒരാൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാൾ പറഞ്ഞു.