ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു,ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145

0
109

ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി മുതൽ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി ഗാസയിലെ അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടർ അറിയിച്ചു.

അതേസമയം നിരവധി ആളുകൾ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ഗാസയിൽ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ യുഎൻ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. യുഎൻ സെക്രട്ടറി ജനറൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി സംസാരിക്കും. കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് 2800 റോക്കറ്റുകൾ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 1300ഓളം പലസ്തീനികൾക്ക് പരുക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.

അതേസമയം ഇസ്രയേൽ പലസ്തീൻ വിഷയം രൂക്ഷമായിക്കൊണ്ടിരിക്കെ അനുരഞ്ജനത്തിന് ശ്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ടെലിഫോൺ സംഭാഷണം നടത്തിയെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കണമെന്നും ഇസ്രയേലിലേക്കുള്ള മിസൈൽ വിക്ഷേപണം അവസാനിപ്പിക്കണമെന്നും ബൈഡൻ പലസ്തീൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.