ബേപ്പൂരിൽനിന്നും 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

0
75

ബേപ്പൂർ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലിൽ കുടുങ്ങി. കെ പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ള അജ്മീർഷ എന്ന ബോട്ടാണ് കാണാതായത്. തിരച്ചിലിന് കോസ്റ്റ് ഗാർഡിൻറെ സഹായം തേടി. കഴിഞ്ഞ അഞ്ചിനാണ് കാണാതായ ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്.

ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല. ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല.

ബേപ്പൂരിൽനിന്നു തന്നെ കടലിൽ പോയ മറ്റൊരു ബോട്ടാണ് കടലിൽ കുടുങ്ങിയിട്ടുള്ളത്. ബോട്ട് ഗോവൻ തീരത്ത് തകരാറിലായി ഇതിലെ 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രണ്ട് ബോട്ടിലുമുള്ളത് തമിഴ്‌നാട് സ്വദേശികളാണ്.

അതേസമയം, ലക്ഷദ്വീപിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ ഒൻപത് മത്സ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി കോസ്റ്റ്ഗാഡ് നാവികസേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിന്റെ ഒരു കപ്പൽ കൂടി തിരച്ചിലിനായി ലക്ഷദ്വീപിലേക്ക് തിരിച്ചു.

അതേ സമയം പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിക്കുന്നു. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്‌നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.

അതിനിടെ, എറണാകുളം പോഞ്ഞിക്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോൾഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് സുഹൃത്തിനൊപ്പം ചെറു വള്ളത്തിൽ ആന്റപ്പൻ മത്സ്യബന്ധനത്തിന് പോയത്.