ജില്ലയിൽ 23 ദുരിതാശ്വാസ ക്യാംപുകൾ; 1197 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

0
48

അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ മഴയും കടൽക്ഷോഭവും തുടരുന്നു. ഇന്നലെ (16 മേയ്) മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്. തീരമേഖലകളിൽ കടൽക്ഷോഭവും തുടരുകയാണ്. മഴക്കെടുതികളെത്തുടർന്നു ജില്ലയിൽ 23 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 308 കുടുംബങ്ങളിലായി 1,197 പേർ ഈ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുകയാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ജില്ലയിൽ 23 വീടുകൾ പൂർണമായും 398 വീടുകൾ ഭാഗീകമായും തകർന്നു.

തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുള്ളത്. 12 ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 771 പേർ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളിൽ തുറന്ന ക്യാംപിൽ ആറു കുടുംബങ്ങളിലെ 21 പേരും കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്സിൽ തുറന്ന ക്യാംപിൽ 18 കുടുംബങ്ങളിലെ 97 പേരും കല്ലിയൂർ വില്ലേജിലെ ഗവ.എം.എൻ.എൽ.പി.സ്‌കൂളിലെ ക്യാംപിൽ 14 കുടുംബങ്ങളിലെ 45 പേരും കഴിയുന്നു.

പേട്ട വില്ലേജിൽ ചാക്ക ഗവ. യു.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലുപേരെയം സെന്റ് റോച്ചസ് കോൺവെന്റ് സ്‌കൂളിൽ 19 കുടുംബങ്ങളിലെ 60 പേരെയും മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസിൽ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസിൽ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസിൽ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസിൽ നാലു കുടുംബങ്ങളിലെ ഒൻപതു പേരെയുമാണു മാറ്റിപ്പാർപ്പിച്ചത്. തിരുവല്ലം വില്ലേജിൽ വാഴമുട്ടം ജി.എച്ച്.എസിലെ ക്യാംപിൽ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ പള്ളിത്തുറ എച്ച്.എസ്.എസിൽ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളിൽ ഒൻപത് കുടുംബങ്ങളിലെ 29 പേരും കഴിയുന്നുണ്ട്.

നെയ്യാറ്റിൻകര താലൂക്കിൽ 91 കുടുംബങ്ങളിലെ 342 പേരേയാണു വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ സെന്റ്. മാത്യൂസ് ഹൈ സ്‌കൂളിലേക്കാണ് ഇവിടെ കൂടുതൽ പേരെ മാറ്റിയത്. 48 കുടുംബങ്ങളിൽ നിന്നുമായി 167 പേർ ഇവിടെ കഴിയുന്നുണ്ട്. പൊഴിയൂർ ഗവ. യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരേയും വിഴിഞ്ഞം ഹാർബർ എൽ.പി.എസിൽ എട്ടു കുടുബങ്ങളിലെ 38 പേരെയും അടിമലത്തുറ ആനിമേഷൻ സെന്ററിൽഒമ്പതു കുടുംബങ്ങളിലെ 23 പേരെയും പൂവാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെയും നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കഡറി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിമല ഹൃദയ ഹയർ സെക്കണ്ടറി സ്‌കൂളിൽ എട്ടു കുടുംബങ്ങളിലെ 36 പേരാണുള്ളത്. പുല്ലുവിള സെന്റ്. മേരിസ് എൽ.പി. എസിൽ നാലു കുടുംബങ്ങളിലെ 15 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്‌സ് സ്‌കൂളിൽ 11 കുടുംബങ്ങളിലെ 35 പേരെയും ബി.ബി.എൽ.പി.എസിൽ 14 കുടുംബങ്ങളിലെ 32 പേരെയും മാറ്റി പാർപ്പിച്ചു. കിഴുവിലം വില്ലേജിൽ പുറവൂർ ഗവ. എസ്.വി.യു.പി.എസിലെ ആറു കുടുംബങ്ങളിലെ 17 പേരെയും മാറ്റിപാർപ്പിച്ചു.

മഴക്കെടുതിയിൽ തിരുവനന്തപുരം താലൂക്കിൽ മൂന്നു വീടുകൾ പൂർണമായും 60 വീടുകൾ ഭാഗീകമായും തകർന്നു. കാട്ടാക്കടയിൽ രണ്ടു വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ 12 വീടുകളാണു പൂർണമായി തകർന്നത്. ഇവിടെ 212 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. നെയ്യാറ്റിൻകര താലക്കിൽ രണ്ടു വീടുകൾ പൂർണമായും 38 വീടുകൾ ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ നാലു വീടുകൾ പൂർണമായും 80 വീടുകൾ ഭാഗീകമായും തകർന്നു.

(((16 മേയ് 2021 വൈകിട്ട് 3:00 വരെയുള്ള കണക്കുകളാണിത്)))