അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
66

 

അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദത്തിൽ സംസ്ഥാനത്ത് കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാപക നാശ നഷ്ടങ്ങൾ ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ തീരപ്രദേശങ്ങൾ കടലാക്രമണം രൂക്ഷമായി വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

നിരവധി റോഡുകളും വീടുകളും തകർന്നു. ആയിരത്തോളം വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ദുരിതം വിതച്ച മേഖലകളിൽ ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായിട്ടുണ്ട്.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് ശക്തിപ്രാപിച്ച് ടൗട്ട ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയുണ്ടാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും തീരത്തോട് അടുത്തായതിനാൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും, ശക്തമായ കാറ്റിനും കടലാക്രമണത്തിനും, ഇടിമിന്നലിനും സാധ്യതയുണ്ട്.