ആറ് വാക്‌സിനുകളെ കൂടി ഇന്ത്യ വാക്സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ ഉൾപ്പെടുത്തി

0
139

കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയ്ക്ക് പുറമേ ആറ് വാക്‌സിനുകളെ കൂടി ഇന്ത്യ വാക്സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ ഉൾപ്പെടുത്തി. ജൂൺ മുതൽ എട്ട് വാക്സിനുകളാകും രാജ്യത്തിന്റെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.

ബയോ-ഇ, സിഡസ് കാഡില, നോവവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്‌സിൻ ജെന്നോവ, റഷ്യയുടെ സ്പുട്നിക് വി എന്നിവയെ കൂടിയാണ് വാക്സിൻ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.

8.8 കോടി ഡോസുകൾ എന്ന മെയ് മാസത്തിലെ വിതരണം ജൂൺ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വാക്സിൻ ജൂണിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 36.6 കോടി ഡോസുകൾ ഓഗസ്റ്റിൽ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

വിവിധ വാക്സിനുകളുടെ 300 കോടി ഡോസുകൾ ഓഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഉന്നത ആരോഗ്യസമിതി അംഗങ്ങൾ പറയുന്നു. ഡിസംബറിൽ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് ഉണ്ടാകുക. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് അവയുടെ നിർമാതാക്കളുമായി ധാരണ ഉണ്ടാക്കുന്ന മുറയ്ക്ക് വിതരണ പട്ടികയിൽ ഇടം നൽകും.