സംസ്ഥാനത്ത് നാളെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

0
87

ആഗോളതലത്തിൽ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.

വർഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം ആളുകൾക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടർത്താൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവർഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി വ്യാപിച്ച മുൻ വർഷങ്ങളിൽ കണ്ടെത്തിയ പഠനത്തിൽ വീടുകൾക്കുള്ളിലും ചുറ്റുവട്ടത്തുമാണ് ഏറ്റവും കൂടുതൽ കൊതുവിന്റെ ഉറവിടങ്ങൾ കണ്ടെത്തിയത്. അതിനാൽ ഈ വർഷം വീട്ടിനുള്ളിലും വീടിന്റെ പരിസരത്തും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.