ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കും, കേരളത്തിൽ 24 മണിക്കൂർ നേരത്തേക്ക് അതീവ ജാഗ്രത

0
76

അറബിക്കടലിൽ രൂപം കൊണ്ട ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. ടൗട്ടെ’ ചുഴലിക്കാറ്റ് മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ പരമാവധി 175 കി.മീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം.

ഗുജറാത്തും കടന്ന് പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അപ്പോഴേക്കും കാറ്റിൻ്റെ ശക്തി കുറയാനാണ് സാധ്യത.ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി കേരളത്തിൽ ശക്തമായിരിക്കും.

അറബിക്കടലിൽ കാലാവർഷത്തിന് സമാനമായ രീതിയിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ കാറ്റും മഴയുടെ തീവ്രതയും നാളെയോടെ മാത്രമേ കുറയാൻ സാധ്യതയുള്ളൂ. നാളെ കഴിഞ്ഞുള്ള ദിവസങ്ങളിലും സംസ്ഥാന സാധാരണനിലയിൽ മഴ പ്രതീക്ഷിക്കാം.