18-45 പ്രായക്കാർക്ക്‌ തിങ്കളാഴ്ച മുതൽ വാക്‌സിൻ; ശനിയാഴ്ച മുതൽ രജിസ്‌ട്രേഷൻ

0
65

സംസ്ഥാനത്ത് 18-45 വയസ്സുകാരിൽ കോവിഡ് വാക്‌സിൻ നൽകാൻ മുൻഗണനാടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. തിങ്കൾ മുതൽ വാക്‌സിൻ നൽകും.

എല്ലാവർക്കും നൽകുന്നതിന് അർഹമായ വാക്‌സിൻ ഇപ്പോൾ ലഭിച്ചിട്ടില്ലെന്നും, ലഭ്യമായ വാക്‌സിൻ അനുസരിച്ചായിരിക്കും വിതരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് ഈ മാറ്റം.

ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താൽ മതിയാകും. എന്നാൽ കോവാക്‌സിൻ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതൽ 6 ആഴ്ചക്കുള്ളിൽ എടുക്കണം. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.

കോവിഷീൽഡ് വാക്‌സിന്റെ ഫലപ്രാപ്തി രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിച്ചിട്ടുള്ളത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും തുടരേണ്ടതുണ്ട്.

കേരളത്തിന്റെ ടെസ്റ്റിങ് സ്ട്രാറ്റജിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാൻ തീരുമാനിച്ചു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കി-മുഖ്യമന്ത്രി അറിയിച്ചു.

ഹൃദ്‌രോഗവും പ്രമേഹവും ഉള്ളവർക്ക്‌ മുൻഗണന

തിങ്കളാഴ്‌ച ആരംഭിക്കുന്ന 18 –- 45 പ്രായപരിധിക്കാരുടെ വാക്‌സിനേഷന്‌ മുൻഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി.

മുൻഗണന ഇവർക്ക്‌ ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം അഥവാ ഹൃദ്രോഗത്തിന്‌ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവർ, പോസ്റ്റ് കാർഡിയാക് ട്രാൻസ്‌പ്‌ളാന്റ്/ ലെഫ്റ്റ് വെൻട്രിക്കുലാർ അസ്സിസ്റ്റ് ഡിവൈസ്, കാര്യമായ ഇടതു വെൻട്രിക്കുലാർ സിസ്റ്റോളിക് ഡിസ്ഫങ്ക്ഷൻ, ഹൃദയവാൽവിന്‌ തകരാറുള്ളവർ, കഠിനമായ പിഎഎച്ചോടുകൂടിയ കഞ്ജനീറ്റൽ ഹാർട്ട് ഡിസീസ്, സിഎബിജി. കഴിഞ്ഞവർ, രക്തസമ്മർദം, പ്രമേഹം എന്നിവയോടെയുള്ള കൊറോണറി ആർട്ടറി ഡിസീസിന്‌ ചികിത്സയിലുള്ളവർ, ആൻജെയിന, രക്താതിമർദം, പ്രമേഹം തുടങ്ങിയവയ്ക്ക്‌ ചികിത്സയിലുള്ളവർ, രക്തസമ്മർദം, പ്രമേഹത്തോടുകൂടി പക്ഷാഘാതത്തിന്‌ ചികിത്സയിലുള്ളവർ, രക്താതിസമ്മർദം, പ്രമേഹം എന്നിവയോടെ പൾമണറി ആർട്ടറി ഹൈപ്പർടെൻഷന്‌ ചികിത്സയിലുള്ളവർ, പത്തുവർഷത്തിനുമേൽ പ്രമേഹ രോഗമുള്ളവർ, പ്രമേഹരോഗ സങ്കീർണതകളുള്ളവർ, രക്താതിസമ്മർദത്തിന്‌ ചികിത്സതേടുന്നവർ, വൃക്ക, കരൾ, ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്‌പ്‌ളാന്റ് കഴിഞ്ഞവർ, വെയിറ്റ് ലിസ്റ്റിലുള്ളവർ, ഡയാലിസിസിന്‌ വിധേയരാകുന്നവർ, ദീർഘകാലമായി ഇമ്യൂണോസപ്പ്രെസന്റ്, കോർട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, സിറോസിസുള്ളവർ, രണ്ടു വർഷത്തിനിടെ കഠിന ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നേരിടുന്നവർ, ലിംഫോമ, ലുക്കീമിയ, മൈലോമ എന്നിവയുള്ളവർ, 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാൻസർ രോഗനിർണയം കഴിഞ്ഞവർ അല്ലെങ്കിൽ ഏതെങ്കിലും ക്യാൻസറിന്‌ ചികിത്സയിലുള്ളവർ, സിക്കിൾ സെൽ ഡിസീസ്/ ബോൺമാരോ ഫെയിലുവർ/എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജർ എന്നിവയുള്ളവർ, പ്രൈമറി ഇമ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ/എച്ച്‌ഐവി ഇൻഫെക്ഷൻ ബാധിച്ചവർ, ബുദ്ധി വൈകല്യമുള്ളവർ/ മസ്‌കുലാർ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാറുള്ളവർ /ഉയർന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ/ ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ.

എങ്ങനെ രജിസ്റ്റർ ചെയ്യാം

● 18നും 44 വയസ്സിനും ഇടയിലുള്ളവരുടെ രജിസ്‌ട്രേഷൻ കോവിൻ വെബ് സൈറ്റിൽ നേരത്തേ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

● അതിനുശേഷം മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക

● മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും

●ഒടിപി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും

● ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം, കോവിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുക

● ഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യവകുപ്പിന്റെ വൈബ് സൈറ്റിൽ ലഭ്യമാണ്.

● ഇത്രയും നൽകിയശേഷം സബ്മിറ്റ് നൽകുക

●നൽകിയ രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്‌സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും.

● വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയ്‌ന്റ്‌മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.