തിരിച്ചടി മാധ്യമങ്ങൾക്കും ; ഇനിയെങ്കിലും നിലപാട് തിരുത്തുമോ: എ വിജയരാഘവൻ

0
79

 

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളും പ്രവർത്തനരീതിയും പുനഃപരിശോധിയ്ക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിയ്ക്കുന്ന എ വിജയരാഘവൻ പറഞ്ഞു.

”നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളും പ്രവർത്തനരീതിയും പുനഃപരിശോധിക്കുമെന്ന്‌ പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്‌മകൾ ഉണ്ടെങ്കിൽ തിരുത്തും. കൂടുതൽ ജനപിന്തുണ ആർജിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്‌.

എന്നാൽ, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന്‌ കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‌ അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌.”-ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു

വാസ്‌തവത്തിൽ, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയർത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്‌. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക്‌ വിശ്വാസ്യതയിൽ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സർക്കാരിനും എൽഡിഎഫിനും എതിരെ അവർ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങൾ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ്‌ മാധ്യമങ്ങൾ ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകാത്തത്‌? ഞങ്ങൾ ഈ നാട്ടുകാരേ അല്ല എന്ന മട്ടിൽ ഇരിക്കാൻ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവർക്ക്‌ കഴിയുമോ?- അദ്ദേഹം ചോദിക്കുന്നു.

നുണയും അപവാദവും പ്രചരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ വലതുപക്ഷ മാധ്യമങ്ങൾ ഇത്തവണ പരാജയപ്പെട്ടതിന്റെ കാരണങ്ങളും ലേഖനത്തിൽ അക്കമിട്ടു നിരത്തുന്നു..
ഒന്ന്: ജീവിതാനുഭവങ്ങളിലൂടെ ജനങ്ങൾ സ്വയം രൂപീകരിക്കുന്ന അവബോധത്തെ മാധ്യമങ്ങളുടെ നുണപ്രചാരണംകൊണ്ട് മാറ്റിമറിക്കാൻ കഴിയില്ല.

രണ്ട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ തീർത്തപ്രതിരോധം. ഓരോ നുണയും പൊളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ സത്യം ഉയർന്നുവന്നു.

മൂന്ന്: ഇടതുപക്ഷമാധ്യമങ്ങൾ, വിശേഷിച്ച് ദേശാഭിമാനിയും കൈരളിയും വലതുപക്ഷ മാധ്യമ ആക്രമണം ചെറുക്കുന്നതിൽ വഹിച്ച പ്രശംസനീയമായ പങ്ക്, വലതുപക്ഷ മാധ്യമങ്ങളേക്കാൾ നൂറിരട്ടി സത്യസന്ധതയും ജനാധിപത്യ മര്യാദകളും ഇടതുപക്ഷ മാധ്യമങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

നാല്: കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും കേരളത്തിന്റെ താൽപ്പര്യത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി രംഗത്തുവന്നു. ഇതെല്ലാം ഒത്തുചേർന്നപ്പോൾ ജനവിരുദ്ധ മാധ്യമ അജൻഡയ്‌ക്കെതിരായ ബദൽ രൂപപ്പെട്ടു- ലേഖനം ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ:

വലതുപക്ഷ മാധ്യമങ്ങൾക്ക് 
എതിരായ ബദൽ

 

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളും പ്രവർത്തനരീതിയും പുനഃപരിശോധിക്കുമെന്ന്‌ പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്‌മകൾ ഉണ്ടെങ്കിൽ തിരുത്തും. കൂടുതൽ ജനപിന്തുണ ആർജിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്‌.

എന്നാൽ, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന്‌ കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‌ അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌. വാസ്‌തവത്തിൽ, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയർത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്‌.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക്‌ വിശ്വാസ്യതയിൽ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സർക്കാരിനും എൽഡിഎഫിനും എതിരെ അവർ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങൾ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ്‌ മാധ്യമങ്ങൾ ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകാത്തത്‌? ഞങ്ങൾ ഈ നാട്ടുകാരേ അല്ല എന്ന മട്ടിൽ ഇരിക്കാൻ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവർക്ക്‌ കഴിയുമോ?

ശരിയാണ്‌, കേരളത്തിൽ ഇടതുപക്ഷഭരണം ഇല്ലാതാക്കാൻ വലതുപക്ഷ –പിന്തിരിപ്പൻ ശക്തികളോടൊപ്പം മാധ്യമങ്ങൾ അണിനിരക്കുന്നത്‌ പുതിയ കാര്യമല്ല. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ വലതുപക്ഷവും ജാതി–മത ശക്തികളും ഒന്നിച്ചപ്പോൾ അതിനുമുമ്പിൽ മുഖ്യധാരാ മാധ്യമങ്ങളും ഉണ്ടായിരുന്നു.

1970–1980 കാലത്തെ സിപിഐ എം വിരുദ്ധ മുന്നണിക്ക്‌ ഊർജം നൽകിയതും വലതുപക്ഷ മാധ്യമങ്ങളാണ്‌. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ച്‌ കേരളത്തിൽ ഇടതുപക്ഷ വിജയങ്ങളുണ്ടായി. ഓരോ ഇടതുപക്ഷ സർക്കാർ വരുമ്പോഴും തുടർഭരണം അസാധ്യമാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഇത്തവണ അവർ പരാജയപ്പെട്ടു, ദയനീയമായി തന്നെ.

സർക്കാരിനെതിരായ മാധ്യമവേട്ട

കഴിഞ്ഞ നാലഞ്ചുവർഷമായി വലതുപക്ഷ മാധ്യമങ്ങൾ എന്തൊക്കെയാണ്‌ ഇവിടെ ചെയ്‌തുകൂട്ടിയത്‌. സർക്കാർ വിരുദ്ധ അന്തരീക്ഷം രൂപപ്പെടുത്താൻ അവർ നിരന്തരമായും സംഘടിതമായും ശ്രമിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും യുഡിഎഫിന്റെ രാഷ്‌ട്രീയ അജൻഡ നിർണയിച്ചുകൊടുത്തത്‌ മാധ്യമങ്ങളാണ്‌. മാധ്യമങ്ങളുമായി ആലോചിക്കാതെ താൻ ഒരു തീരുമാനവും എടുക്കാറില്ലെന്ന്‌ ഒരു ഘട്ടത്തിൽ ടിവി ക്യാമറകൾക്കു മുമ്പിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞുപോയത്‌ ആരും മറന്നിട്ടില്ല. സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ ഗൂഢാലോചനകളിൽ എല്ലാ നിയന്ത്രണവും വിട്ട്‌ വലതുപക്ഷ മാധ്യമങ്ങൾ പങ്കാളികളാകുന്നതാണ്‌ പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാം വർഷത്തിൽ കണ്ടത്‌.

സമാനതകളില്ലാത്ത വികസനമാണ്‌ പശ്‌ചാത്തല സൗകര്യ മേഖലയിലും വിദ്യാഭ്യാസ–ആരോഗ്യ രംഗങ്ങളിലുമടക്കം അഞ്ചുവർഷത്തിനിടയിൽ കേരളത്തിലുണ്ടായത്. രണ്ടേമുക്കാൽ ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയ ‘ലൈഫ്’ പദ്ധതി രാജ്യത്തിനാകെ മാതൃകയായി. വർഗീയ ലഹളകളോ സംഘർഷങ്ങളോ ഇല്ലാതെ ജനങ്ങൾക്ക് സമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കി. ജനങ്ങളുടെ ഐക്യം തകർക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തിയ നീക്കങ്ങളെയെല്ലാം ചങ്കുറപ്പോടെ നേരിട്ടു.

ദുരന്തകാലത്ത് ജനങ്ങളുടെ സംരക്ഷകനായി സർക്കാർ നിലകൊണ്ടു. ഇതിനെയെല്ലാം ഇകഴ്ത്തിക്കാണിക്കാനോ താറടിക്കാനോ ആണ് വലതുപക്ഷമാധ്യമങ്ങൾ ശ്രമിച്ചത്. ജനാധിപത്യത്തിന്റെയും പൊതുജനതാൽപ്പര്യത്തിന്റെയും കാവൽക്കാരാകേണ്ട മാധ്യമങ്ങൾ, ജനങ്ങൾക്കൊപ്പംനിന്ന സർക്കാരിനെതിരെ അപവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസ് സർക്കാരിനെതിരായ ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും തീരുമാനിച്ചപ്പോൾ അത് പ്രാവർത്തികമാക്കാൻ മാധ്യമങ്ങൾ സർവശക്തിയും ഉപയോഗിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ നെറികെട്ട വ്യക്തിഹത്യയിലേക്ക് മാധ്യമപ്രചാരണം തിരിഞ്ഞു. കേന്ദ്ര ഏജൻസികളെ ബിജെപി രംഗത്തിറക്കിയപ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകി. കേന്ദ്ര ഏജൻസികളും യുഡിഎഫ്–ബിജെപി നേതൃത്വവും മാധ്യമങ്ങളും അതിശയിപ്പിക്കുന്ന പരസ്പര ധാരണയോടെയാണ് പ്രവർത്തിച്ചത്. കേരളത്തിലെ വികസന പദ്ധതികൾ സ്തംഭിപ്പിക്കാനും സർക്കാരിനെ വരിഞ്ഞുമുറുക്കാനും കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിച്ചപ്പോൾ അതിനെ ശക്തമായി ചെറുക്കുകയായിരുന്നു ജനാധിപത്യത്തോട് കൂറുണ്ടായിരുന്നുവെങ്കിൽ മാധ്യമങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ജനാധിപത്യത്തിന്റെ കാവൽഭടന്മാരെ നാം കണ്ടത് മറുചേരിയിലാണ്.

വിദേശത്തുനിന്ന് സ്വർണം ഇവിടേക്ക് അയച്ചവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമിക്കാത്തതിനെപ്പറ്റി മാധ്യമങ്ങൾക്ക് ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്ത് അങ്ങനെയല്ല എന്ന് വരുത്താൻ ഒരു കേന്ദ്ര സഹമന്ത്രി നിരന്തരം ശ്രമിച്ചപ്പോൾ അതിന് പിന്നിലെ ഗൂഢതാൽപ്പര്യം പുറത്തുകൊണ്ടുവരാൻ ഈ മാധ്യമങ്ങൾ ശ്രമിച്ചില്ല. പ്രതികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഭരണാധികാരികൾക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചപ്പോൾ അതിനും മാധ്യമങ്ങൾ കൂട്ടുനിന്നു. ഇതിന്റെയൊക്കെ പിറകിലെ നിക്ഷിപ്തതാൽപ്പര്യം ജനങ്ങൾ തിരിച്ചറിഞ്ഞു എന്നത് ജനാധിപത്യത്തിന്റെ വിജയമാണ്.

ഈ ഘട്ടത്തിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. സർക്കാരിനെതിരെ ഗൗരവമായ വിമർശനങ്ങൾ വന്നപ്പോഴെല്ലാം തുറന്ന മനസ്സോടെ അതു പരിശോധിക്കാനും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്താനും ഭരണനേതൃത്വം സന്നദ്ധമായിരുന്നു. തെറ്റുചെയ്ത ഒരാളെയും സംരക്ഷിക്കാനോ ന്യായീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ, വിമർശനവും അപവാദപ്രചാരണവും രണ്ടാണ്.

മാധ്യമങ്ങളുടെ നിഷ്‌പക്ഷത
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലെ രഹസ്യബാന്ധവം വോട്ടെണ്ണിയപ്പോൾ കൂടുതൽ തെളിഞ്ഞു. എന്നാൽ, അതെല്ലാം മൂടിവയ്‌ക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയെന്ന തീവ്ര വർഗീയ പ്രസ്ഥാനവുമായി പരസ്യമായും ബിജെപിയുമായി രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കിയ മുസ്ലിംലീഗിനെ സിപിഐ എം വിമർശിച്ചപ്പോൾ, അതു മുസ്ലിങ്ങൾക്കെതിരാണെന്ന് ചിത്രീകരിക്കാൻ മാധ്യമങ്ങൾ വല്ലാതെ പാടുപെട്ടു. ഇതിനൊരു ലക്ഷ്യമുണ്ടായിരുന്നു. യുഡിഎഫിന് അനുകൂലമായി മുസ്ലിങ്ങളുടെ ഏകീകരണമുണ്ടാക്കുക. അത്തരം കെണിയിലൊന്നും ജനങ്ങൾ വീഴില്ലെന്ന് മാധ്യമങ്ങൾ കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

ശബരിമല വിഷയം കുത്തിപ്പൊക്കി ചർച്ചയാക്കാൻ യുഡിഎഫിനെക്കാളും ബിജെപിയെക്കാളും ആവേശം കാണിച്ചത് മാധ്യമങ്ങളായിരുന്നു. വോട്ടുപിടിക്കാൻ മതവിശ്വാസം ആയുധമാക്കുന്നത് ഭരണഘടനാതത്വങ്ങൾക്കും ജനപ്രാതിനിധ്യനിയമത്തിനും എതിരാണ്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമ്പോഴാണ് മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാകുന്നത്. ഇവിടെ സംഭവിച്ചത് നേർവിപരീതം.

എൽഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിക്കാവുന്ന മൂന്നാംശക്തിയായി ബിജെപി ഇവിടെ വളർന്നിരിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ വാർത്തകളും വിശകലനങ്ങളും സർവേകളും ശ്രദ്ധിച്ചവർക്ക് ഒരു കാര്യം ബോധ്യമാണ്. ജനകീയ പ്രശ്നങ്ങളെ പിറകോട്ട് തള്ളിമാറ്റി എല്ലാം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ പരിശ്രമിച്ചു. ജാതി–മത സമവാക്യങ്ങൾ വരച്ചുണ്ടാക്കി അതിനകത്ത് വോട്ടർമാരെ പിടിച്ചിട്ടിട്ടാണ് എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അവർ പ്രചരിപ്പിച്ചത്. വോട്ടർമാരെ മനുഷ്യരായി കാണാൻ അവർക്ക് കഴിഞ്ഞില്ല.

കേരളത്തിൽ, ബിജെപിയുടെ സ്വാധീനം എന്താണെന്ന് രാഷ്ട്രീയ വിദ്യാർഥികൾക്കുപോലും അറിയാം. വോട്ടെണ്ണിയപ്പോൾ അതു കൂടുതൽ വ്യക്തമായി. 12.4 ശതമാനം വോട്ട്. എൽഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിക്കാവുന്ന മൂന്നാംശക്തിയായി ബിജെപി ഇവിടെ വളർന്നിരിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്. ഇവരുടെ പ്രചാരണത്തിൽ സത്യസന്ധതയ്ക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.

ബിജെപിക്ക് പത്രങ്ങൾ നൽകിയ സ്ഥലവും ടിവിചാനലുകൾ അനുവദിച്ച സമയവും പരിശോധിക്കുന്നതു മാധ്യമങ്ങളുടെ തനിനിറം ശരിക്ക് മനസ്സിലാക്കാൻ സഹായിക്കും. എൽഡിഎഫിന് നൽകിയതിന് തുല്യമോ അതിൽ കൂടുതലോ സമയവും സ്ഥലവും ബിജെപിക്ക് നൽകി. മുപ്പത് സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് കേന്ദ്ര ഭരണകക്ഷി അവകാശപ്പെട്ടപ്പോൾ അതിന്റെ യുക്തി ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ല. ബിജെപിയോട് അവർക്കുള്ള കരുതൽ അത്രയ്‌ക്കുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ വിനാശകരമായ വർഗീയ അജൻഡകളെയോ ഫാസിസ്റ്റ് പ്രവണതകളെയോ കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളെയോ എതിർക്കാൻ ഇവർക്ക് നാവുപൊങ്ങുന്നില്ല. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഇതാണ് സ്ഥിതി.

നുണയും അപവാദവും പ്രചരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ ഒരളവുവരെ വിജയിക്കാറുള്ള വലതുപക്ഷ മാധ്യമങ്ങൾ ഇത്തവണ അതിൽ അമ്പേ പരാജയപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോൾ പ്രാഥമികമായി കണ്ടെത്താൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

ഒന്ന്: ജീവിതാനുഭവങ്ങളിലൂടെ ജനങ്ങൾ സ്വയം രൂപീകരിക്കുന്ന അവബോധത്തെ മാധ്യമങ്ങളുടെ നുണപ്രചാരണംകൊണ്ട് മാറ്റിമറിക്കാൻ കഴിയില്ല.

രണ്ട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ തീർത്തപ്രതിരോധം. ഓരോ നുണയും പൊളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ സത്യം ഉയർന്നുവന്നു.

മൂന്ന്: ഇടതുപക്ഷമാധ്യമങ്ങൾ, വിശേഷിച്ച് ദേശാഭിമാനിയും കൈരളിയും വലതുപക്ഷ മാധ്യമ ആക്രമണം ചെറുക്കുന്നതിൽ വഹിച്ച പ്രശംസനീയമായ പങ്ക്, വലതുപക്ഷ മാധ്യമങ്ങളേക്കാൾ നൂറിരട്ടി സത്യസന്ധതയും ജനാധിപത്യ മര്യാദകളും ഇടതുപക്ഷ മാധ്യമങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

നാല്: കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും കേരളത്തിന്റെ താൽപ്പര്യത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി രംഗത്തുവന്നു. ഇതെല്ലാം ഒത്തുചേർന്നപ്പോൾ ജനവിരുദ്ധ മാധ്യമ അജൻഡയ്‌ക്കെതിരായ ബദൽ രൂപപ്പെട്ടു.

മാധ്യമങ്ങൾ നിഷ്പക്ഷമായി നിലകൊള്ളുമെന്ന വ്യാമോഹം ഇടതുപക്ഷത്തുള്ള ഒരാൾക്കുമില്ല. വിഖ്യാത ചിന്തകൻ നോം ചോംസ്കി പറഞ്ഞത്, ‘‘സമഗ്രാധിപത്യ രാജ്യത്ത് എന്താണോ മർദനായുധം, അതാണ് ജനാധിപത്യരാജ്യത്ത് പ്രചാരണം’’ എന്നാണ്. എഡ്വാർഡ് എസ് ഹെർമനുമായി ചേർന്ന് ചോംസ്കി എഴുതിയ ‘പൊതുസമ്മതിയുടെ നിർമിതി’ എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ മാധ്യമങ്ങളുടെ നിലപാടും സ്വഭാവവും നിർണയിക്കുന്ന ഘടകങ്ങൾ വിവരിക്കുന്നുണ്ട്.

ഉടമസ്ഥതയുടെ സ്വഭാവവും വരുമാന മാർഗങ്ങളും അധികാരിവർഗത്തിന്റെ സമ്മർദവും കമ്യൂണിസ്റ്റ് വിരോധവുമെല്ലാം ചേർന്നാണ് മാധ്യമങ്ങളുടെ നിലപാട് നിർണയിക്കുന്നത്. എന്നാൽ, ചോംസ്കി നിരീക്ഷിച്ചതുപോലെ മാധ്യമങ്ങളുടെ സമൂഹവിരുദ്ധനിലപാടുകൾ എതിർത്തു തോൽപ്പിച്ചേ പറ്റൂ. മാധ്യമങ്ങളുടെ പ്രതിലോമ അജൻഡയ്‌ക്കെതിരായ ബദൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യമാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്.