സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ കൊവിഡ് വാക്സീൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി നൽകണം.
വാക്സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
കേരളത്തിന് അനുവദിച്ച വാക്‌സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേരളത്തിന് കിട്ടിയ വാക്‌സീൻ ഡോസുകൾ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയിൽ വാക്സീൻ നൽകിയാൽ മുഴുവൻ പേർക്കും വാക്‌സിൻ ലഭ്യമാക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.