വാക്സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ? കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, വിവാദം കത്തുന്നു

0
105

ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രിമാർക്ക് തൂങ്ങിചാകാന്‍ കഴിയുമോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വാക്സിന്‍ അപര്യാപ്തതയെക്കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ എല്ലാവരേയും വാക്സിനേറ്റ് ചെയ്യിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സദുദ്ദേശ്യത്തോട് കൂടിയുള്ളതാണ്. എന്നാല്‍ ഇതുവരെ ഉത്പാദിപ്പിക്കാന്‍ പോലും കഴിയാത്ത അളവില്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടി ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? തൂങ്ങിചാകാന്‍ കഴിയുമോ? മന്ത്രി ചോദിച്ചു. സത്യസന്ധമായും ആത്മാര്‍ഥമായുമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. സത്യം പറഞ്ഞാല്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കുറേ കാര്യങ്ങളുണ്ട്. എന്തുചെയ്യാന്‍ കഴിയും? സദാനന്ദഗൗഡ പറഞ്ഞു.
വാക്സിൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ കടുത്ത അലംഭാവം കാട്ടുകയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സദാനന്ദഗൗഡയുടെ പ്രതികരണവും. പ്രശ്നത്തെ നിസാരവൽക്കരിക്കുന്ന കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദമായി. വാക്സിൻ വിഷയത്തിൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കുറേ കാര്യങ്ങളുണ്ടെന്ന മന്ത്രിയുടെ പരാമർശം ആരെക്കുറിച്ചാണെന്നും എന്തിനെപ്പറ്റിയാണെന്നും വ്യക്തമാക്കണമെന്നും ആവശ്യം ഉയര്ന്നിട്ടുണ്ട്.