യുപിയിലെ ജയിലില്‍ വെടിവയ്പ്; ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

0
99

ഉത്തർപ്രദേശിലെ ജയിലിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാത്തലവൻ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടു തടവുകാരെ സഹതടവുകാരന്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. അഞ്ചു തടവുകാരെ ബന്ദിയാക്കിയ തടവുകാരനെ പൊലീസ് വെടിവെച്ചു കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ചിത്രക്കൂട് ജയിലിലാണ് സംഭവം.

ഗുണ്ടാ നേതാവ് മുകിം കാല അടക്കം രണ്ടുപേരെ വെടിവെച്ച്‌ സഹതടവുകാരനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 2019 മുതല്‍ ജയിലില്‍ കഴിയുന്ന അന്‍ഷു ദീക്ഷിതാണ് സഹതടവുകാര്‍ക്ക് നേരെ നിറയൊഴിച്ചത്. മെയ് ഏഴിനാണ് മുകിം കാലയെ ജില്ലാ ജയിലായ ചിത്രക്കൂടിലേക്ക് മാറ്റിയത്.

വെടിവെയ്പിന് പിന്നാലെ അഞ്ചു തടവുകാരെ ബന്ദിയാക്കി കൊലപ്പെടുത്തുമെന്ന് അന്‍ഷു ദീക്ഷിത് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയും കലക്ടറും സംഭവ സ്ഥലത്ത് എത്തി.

എന്നാല്‍ അന്‍ഷു ദീക്ഷിതിനെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അന്‍ഷു ദീക്ഷിതിനെ പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അന്‍ഷു ദീക്ഷിതിനു എങ്ങനെയാണ് തോക്ക് കിട്ടിയതെന്നത് ദുരൂഹമാണ്.