കോവിഡ്: ശ്മശാനങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങുമായി കര്‍ണാടക സർക്കാർ

0
80

കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ബംഗളുരുവിലെ ശ്മശാനങ്ങള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്​ ചെയ്യാന്‍ ഹെല്‍പ്പ്​ലൈന്‍ സൗകര്യമൊരുക്കി കര്‍ണാടക. ഒരാള്‍ വീട്ടിലോ ആശുപത്രിയി​ലോ മരിച്ചാല്‍ അവരുടെ ബന്ധുക്കള്‍ക്ക്​ 24×7 ഹെല്‍പ്പ് ലൈന്‍ നമ്പറായ +91 8495998495 ല്‍ വിളിച്ചോ വാട്​സ്​ ആപ്പ്​ വഴി സന്ദേശം അയച്ചോ ശ്​മശാനം ബുക്ക്​ ചെയ്യാം. സംസ്​കാര തീയതി, സമയം, സ്ഥലം എന്നിവയും മരിച്ചയാളുടെ അന്തിമ ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ മറ്റ് വിവരങ്ങളും നല്‍കണം. തുടര്‍ന്ന്​ ടോക്കണ്‍ നമ്പർ എസ്​.എം.എസായി ലഭിക്കും. ഇത്​ ശ്​മശാന അധികൃതരെ കാണിക്കുന്നതോടെ സംസ്​കാര ചടങ്ങുകള്‍ നടത്താനുള്ള അവസരം ലഭിക്കും.

പീനിയ, കെങ്കേരി, സമ്മനഹള്ളി, പനാറ്റൂര്‍, ഹെബ്ബല്‍, കലഹള്ളി, കുഡ്‌ലു, ഹരിചന്ദ്രഘട്ട്, മൈസൂര്‍ റോഡ്, ബനശങ്കരി, വില്‍സണ്‍ ഗാര്‍ഡന്‍, ചാമരാജ്‌പേട്ട്, ഗിദ്ദനഹള്ളി, തവാരേക്കരെ, ടി.ആര്‍ മില്‍സ്, മവല്ലിപുര, ദേവല്ലിപുര എന്നീ ശ്​മശാനങ്ങളിലാണ്​ ഓണ്‍ലൈന്‍ വഴി ബുക്ക്​ ചെയ്യാന്‍ നിലവില്‍ സൗകര്യമുള്ളത്​. കോവിഡ് ബാധിച്ച്‌ മരിച്ചവരെ കൊണ്ടുപോകുന്നതിന് ആംബുലന്‍സും സംസ്കാരത്തിന് ശ്മശാനവും യാതൊരു ഫീസും ഈടാക്കരുതെന്ന ഉത്തരവ് ഇതിലും ആവര്‍ത്തിച്ചിട്ടുണ്ട്.