സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്, ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

0
186

സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി. മരണസംഖ്യ 93. ഇപ്പോള്‍ 4,42,194 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31,319 പേര്‍ രോഗമുക്തരായി.

കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്.

അതിന്‍റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തു. അഗതിമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍, സുഭിക്ഷ കേരളം പദ്ധതി, എത്രത്തോളം വിജയമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.

ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് രണ്ടാം ലോക് ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് എന്നു കൂടി കാണണം. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയും ആ ഘട്ടത്തില്‍ സഹായകരമായി. ഇത്തരം ഇടപെടലുകള്‍ തുടരണം എന്നാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടി വരും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16-ാം തീയതി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം കുറച്ചു കൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.