കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. അതി ജാഗ്രത വേണമെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ നാളെ അതിതീവ്ര മഴയുണ്ടാകും. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ചയോടെ ഇത് ‘ടൗട്ടേ’ ചുഴലിക്കാറ്റാകും.
മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത കനത്തമഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കടലാക്രമണവും നടന്നു. അടിയന്തര സാഹചര്യം നേരിടാൻ എൻഡിആർഎഫ് ടീം കേരളത്തിലെത്തും. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.