മൂന്നാറിൽ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ഭീഷണി

0
64

 

മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ്  പറഞ്ഞു.

ഭീഷണിയെ ന്യായീകരിച്ച ടിടി പ്രവീൺ രംഗത്തെത്തി. ആക്ഷേപം ഇനിയും സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദ വൈദിക സംഗമ വിഷയത്തിൽ സംസ്ഥാന സർക്കാർ സിഎസ്ഐ സഭയെ കൈവിടില്ലെന്നും ടി ടി പ്രവീൺ   പറഞ്ഞു

കൊവിഡ് കാലത്തെ വൈദികസംഗമം രോഗവ്യാപനത്തിനിടയാക്കുന്നെന്ന പരാതി നൽകിയത് നിഷാന്തും സഹപ്രവർത്തകരുമാണ്. പരാതിക്കാരന് കഴിഞ്ഞ ദിവസം വന്ന ഫോൺ കോളിലാണ് വധ ഭീഷണിയുണ്ടായത്.

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വൈദികരെ പിപി ഇ കിറ്റ് ധരിക്കാതെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ടി ടി പ്രവീൺ സന്ദർശിക്കുന്ന ചിത്രങ്ങളും പരാതിക്കാർ പുറത്തുവിട്ടു. മൂന്നാറിലെ വൈദിക സംഗമത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്നാറിൽ സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. 450 ഓളം പേരാണ് ധ്യാനത്തിൽ പങ്കെടുത്തത്. സംഗമത്തിൽ പങ്കെടുത്തവരിൽ 4 വൈദികർ രോഗബാധിതരായി മരണമടഞ്ഞു. നിരവധി പേർ ചികിത്സയിലാണ്.

മൂന്നാറിലെ ധ്യാനത്തിൽ 230 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സിഎസ്‌ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ സഭ നേതൃത്വത്തെ തള്ളുന്നതാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. 450പേർ ധ്യാനത്തിൽ പങ്കെടുത്തു എന്നും മാസ്‌ക് ഉൾപ്പെടെ ധരിക്കുന്നതിൽ വൈദികർ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.