ചാവക്കാട്ടും ആലപ്പുഴയിലും കടലാക്രമണം രൂക്ഷം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

0
66

ചാവക്കാട്ടും ആലപ്പുഴയിലും കടലാക്രമണം രൂക്ഷം. ഇതിനകം നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നോർകണക്കിനു വീടുകളിൽ വെള്ളം കയറി. ചാവക്കാട് കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം ശക്തമായത്.

ആലപ്പുഴ ജില്ലയിൽ ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്.ചേർത്തലയിൽ 4 വീടുകൾ തകർന്നു. തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ, തുമ്പോളി, ചേർത്തല പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്.30 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ന്യൂനമർദ വികാസവുമായി ബന്ധപ്പെട്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.