കോവിഡ് പ്രതിരോധത്തിനിടയിലും അധികൃതരുടെ കുറ്റപ്പെടുത്തൽ, ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

0
84

ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 ഡോക്ടര്‍മാര്‍ രാജിവെച്ചു. ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് രാജിവെച്ചത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജി വെച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് സർക്കാർ തങ്ങളെ ബലിയാടാക്കുകയാണെന്ന് രാജി വെച്ച ഡോക്ടർമാർ പറഞ്ഞു.
രാജിക്കത്തിൽ ഒപ്പിട്ട 14 ഡോക്ടര്‍മാരില്‍ 11 പേര്‍ ബുധനാഴ്ച വൈകുന്നേരം ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് സന്ദര്‍ശിച്ച് കത്ത് കൈമാറി. യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്‌തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവര്‍ ആരോപിച്ചു. ‘മുഴുവന്‍ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഉന്നത അധികൃതര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ എല്ലാവരും കുറ്റപ്പെടുത്തും. 30 കിലോമീറ്റര്‍ അകലെ ജോലി ചെയ്യുന്നവര്‍ പോലും അവലോകന യോഗത്തില്‍ എത്തണമെന്ന് വാശി പിടിക്കുകയാണ്’ ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഡോക്ടര്‍മാര്‍ രാജി പിന്‍വലിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.