വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റിനെ വിലക്കി വി മുരളീധരന്‍; പ്രതികരിക്കാതെ ചാനല്‍

0
57

ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഒഴിവാക്കി. ബിജെപി തീരുമാനം മാനിച്ചാണ് താന്‍ ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാര്‍ടി തീരുമാനം താന്‍ പാലിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ അറിയിക്കുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മുരളീധരന്‍ വിശദമാക്കി- ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്‍കുന്നില്ല- മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ വിലക്ക് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസില്‍നിന്നും പ്രതികരണമുണ്ടായിട്ടില്ല. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നല്‍കിയ മറുപടി അപമാനകരമാണെന്ന് കാട്ടി ബിജെപി പ്രതിഷേധ ക്യാമ്പയിന്‍ നടത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ചാനല്‍ തയ്യാറായി.