മാനന്തവാടിയിൽ കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‌ പിന്നാലെ സാമ്പത്തിക ആരോപണവും

0
77

മാനന്തവാടിയിൽ യുഡിഎഫ്‌ സ്ഥാനാർഥി പി കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‌ പിന്നാലെ സാമ്പത്തിക ആരോപണവും. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്‌തതിൽ വ്യാപക തിരിമറി നടത്തിയതായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ വൈസ്‌ ചെയർമാനായിരുന്ന കമ്മന മോഹനൻ ആരോപിച്ചു.

വോട്ട് ചോർച്ചയുടെ പിന്നിലും സാമ്പത്തിക ഇടപാടുകളുണ്ട്‌. വെള്ളമുണ്ടയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിന്റെ പേരിലും പണംതട്ടിയെന്ന ഗുരുതര ആരോപണവും മോഹനൻ ഉന്നയിച്ചു. കെപിസിസി പ്രത്യേക സമിതിയെ നിയമിച്ച് ഇക്കാര്യവും അന്വേഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്റ്‌ ഗൂഢാലോചന നടത്തിയെന്ന്‌ മുൻ ഡിസിസി സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി പി കെ ജയലക്ഷ്‌മിയുടെ തോൽവിയുമായി ബന്ധപ്പെട്ട്‌ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണനെതിരെ മുൻ ഡിസിസി സെക്രട്ടറി കമ്മന മോഹനൻ. തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഡിസിസി പ്രസിഡന്റിന്‌ ഒഴിഞ്ഞുമാറാനാവില്ലെന്ന്‌ മോഹനൻ തുറന്നടിച്ചു.

ഭാരവാഹി അല്ലാതിരുന്നിട്ടും ഡിസിസി പ്രസിഡന്റിന്റെ അടുപ്പക്കാരനെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ താക്കോൽസ്ഥാനം ഏൽപ്പിച്ചത്‌ സാധാരണ പ്രവർത്തകരെ നിരാശപ്പെടുത്തി. ഇത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരും ഒരേ ഗ്രൂപ്പുകാരും ഡിസിസി പ്രസിഡന്റിന്റെ നോമിനികളുമാണ്.

ഇവരിൽ ആരൊക്കെ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചുവെന്ന് പരിശോധിക്കണം. ചില മണ്ഡലം പ്രസിഡന്റുമാരുടെ ബൂത്തിൽ വിരലിലെണ്ണാവുന്ന പ്രവർത്തകരേ പാർടിയിൽ അവശേഷിക്കുന്നുള്ളു. ഭവനസന്ദർശനത്തിനുപോലും ആളില്ലാത്ത സ്ഥിതിയായിരുന്നു.

പാർടിയെ ഈ ഗതിയിൽ എത്തിച്ചത് ഡിസിസി പ്രസിഡന്റാണ്‌. രാജിവച്ച ചില മണ്ഡലം പ്രസിഡന്റുമാരെ നിർബന്ധിച്ച് സ്ഥാനത്ത് തുടരാൻ അവസരംനൽകി. ജയലക്ഷ്‌മിയോട് അടുപ്പമുള്ള പ്രവർത്തകർക്കെതിരെ അകാരണമായി നടപടിയെടുത്ത് മാറ്റിനിർത്തി.

2016ലെ തെരഞ്ഞെടുപ്പിൽ ജയലക്ഷ്‌മിയെ തോൽപ്പിക്കാൻ പ്രവർത്തിച്ചവരുടെ പേരിലെടുത്ത നടപടി പിൻവലിച്ച്‌ ഇവരെ പല സ്ഥാനത്തും നിയമിച്ചു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ്‌ തോൽവി അന്വേഷിക്കാൻ ഡിസിസിക്ക്‌ ഒരു അധികാരവുമില്ല.

കുറ്റക്കാരെ വെള്ളപൂശാനും സ്വയം രക്ഷപ്പെടാനുമാണ് ഡിസിസി പ്രസിഡന്റ്‌ അന്വേഷണ സമിതിയെ വച്ചത്‌. ഇത് തിരിച്ചറിയാൻ സാധാരണ പ്രവർത്തകർക്ക് കഴിയും. കെപിസിസി പ്രത്യേക സമിതിയെവച്ച്‌ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു.

ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കമ്മന മോഹനൻ ജയലക്ഷ്‌മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്‌ ദിവസങ്ങൾക്ക്‌ മുമ്പാണ്‌ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്‌.

തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ഭാരവാഹി കൂടിയായിരുന്നു. മോഹനനെ കൂടാതെ മറ്റുരണ്ട്‌ ഡിസിസി ജനറൽ സെക്രട്ടറിമാർകൂടി സ്ഥാനം രാജിവച്ചിരുന്നു. ഡിസിസി പ്രസിഡന്റ്‌ നിയോഗിച്ച അന്വേഷണ സമിതിയെ ജയലക്ഷ്‌മിയും കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. പരാജയം കെപിസിസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ജയലക്ഷ്‌മി നേതൃത്വത്തിന്‌ കത്തും നൽകിയിട്ടുണ്ട്‌.