‘കാണ്മാനില്ല, പേര്: ഇന്ത്യന്‍ സര്‍ക്കാര്‍, വയസ്: ഏഴ് വർഷം’; കേന്ദ്രസര്‍ക്കാരിനെ തേച്ചൊട്ടിച്ച് ഔട്ട്ലുക്ക് മാസിക

0
85

കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ വമ്പൻ പരാജയമായതിനുപിന്നാലെ കടുത്ത വിമർശനവും പരിഹാസവുമായി ഔട്ട്‌ലുക്ക് മാസിക. മേയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ ‘മിസിംഗ്’ എന്നെഴുതിയ കവര്‍ഫോട്ടോയാണ് മാഗസിന്‍ ഉപയോഗിച്ചത്. കേന്ദ്രസർക്കാരിനെ കാണ്മാനില്ലെന്നും കണ്ടുകിട്ടുന്നവർ ഇന്ത്യൻ ജനതയെ വിവരം അറിയിക്കണം എന്നുമുള്ള കവർ ഫോട്ടോയാണ് ഔട്ട്ലുക്ക് ഉപയോഗിച്ചിരിക്കുന്നത്. ഏഴു വയസായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്‍ ഇന്ത്യയുടെ പൗരന്മാരെ വിവരമറിയിക്കണമെന്നുമാണ് മാസികയുടെ ഈ വരുന്ന ആഴ്ചത്തെ(മേയ് 24, 2021) ലക്കത്തിന്റെ കവര്‍ പേജില്‍ കാണുന്നത്. മിസ്സിംഗ് എന്നാണ് കവർ ഫോട്ടോയിലെ തലക്കെട്ട്. കാണാതായ ആളുടെ പേര് എന്നുള്ളിടത്ത് ഇന്ത്യാ ഗവണ്‍മെന്റ് എന്നും വയസ് എന്നുള്ളിടത്ത് ഏഴ് വര്‍ഷം എന്നുമാണ് എഴുതിയിരിക്കുന്നത്. കണ്ടെത്തുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണമെന്നും കവര്‍ഫോട്ടോയിലുണ്ട്. അക്കാദമീഷ്യനായ പ്രതാപ് ഭാനു മേത്ത, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ആര്‍ജെഡി രാജ്യസഭാംഗമായ മനോജ് കെ ഝാ, ബിജെപിക്കാരനും വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍-ചാര്‍ജുമായ വിജയ് ചൗതായിവാലെ, കഥക് നര്‍ത്തകിയും പണ്ഡിതയുമായ നവീന ജഫാ തുടങ്ങിയവരുടെ ലേഖനങ്ങള്‍ മാസികയുടെ ഉള്ളടക്കത്തിലുണ്ടെന്നും ഈ കവര്‍ പേജില്‍ കാണാം.
ഔട്ട്ലുക്കിന്റെ കവര്ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. കവര്‍ചിത്രം സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മാസികയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്.