പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ‘എലൻ ഷോ’ അവസാനിക്കുന്നു.‘എലൻ ഷോ’ അടുത്ത വർഷത്തോടെ അവസാനിക്കുമെന്ന് അവതാരക എലൻ ഡിജെനെറസ് പറഞ്ഞു. 19 സീസണുകൾ നീണ്ട ബ്രഹത്തായ ഷോയ്ക്കാണ് എലൻ തിരശീലയിടുന്നത്.
ടോക്ക് ഷോ സങ്കല്പങ്ങളെ മാറ്റിമറിച്ച പരിപാടിയയായിരുന്നു എലൻ ഷോ. ചില പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഷോ അവസാനിപ്പിക്കാൻ എലൻ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു വർഷത്തോളമായി എലൻ ഷോയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് തൊഴിലാളികൾ ഉയർത്തിയത്. ബുള്ളിയിങ്, വംശീയാധിക്ഷേപം, ലൈംഗിക ചൂഷണം തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങൾ ഷോയ്ക്കെതിരെ ഉയർന്നു.
നിലവിൽ എലൻ ഷോയിൽ ജോലി ചെയ്യുന്നവരും മുൻപ് ചെയ്തിരുന്നവരുമൊക്കെ ഈ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് പ്രൊഡ്യൂസർമാർ എലൻ ഷോയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
അതേസമയം, ഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളല്ല ഷോ നിർത്താൻ കാരണമായതെന്ന് 63കാരിയായ എലൻ ഡിജെനെറസ് പറഞ്ഞു. കഴിഞ്ഞ കുറേ കാലമായി ഷോയുടെ റേറ്റിംഗ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഷോ നിർത്താൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.
സ്റ്റാൻഡപ്പ് കൊമേഡിയനായി കരിയർ ആരംഭിച്ച എലൻ 1997ൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അഭിനേത്രി, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വോയിസ് ആർട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ എലൻ 2003ലാണ് എലൻ ഷോ ആരംഭിച്ചത്. നിരവധി എമ്മി പുരസ്കാരങ്ങളടക്കം ലഭിച്ച ടോക്ക് ഷോ ആണ് എലൻ ഷോ. ലോകമെമ്പാടും ഷോയ്ക്ക് ആരാധകരുണ്ട്