സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളോട് പൂർണസജ്ജരാകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് ചേർന്ന് സ്ഥിതി വിലയിരുത്തി.
തീരപ്രദേശങ്ങളിലുള്ളവരെ ആവശ്യമെങ്കിൽ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും. മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മുഴുവൻ കോവിഡ് ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കും.
ആശുപത്രികളിൽ ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു. വൈദ്യുതി തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ വൈദ്യുതി വകുപ്പ് ടാസ്ക് ഫോഴ്‌സുകൾ സജ്ജമാക്കി. വായുസേനയുടെ ഹെലികോപ്‌ടർ തിരുവനന്തപുരത്ത് നിലയുറപ്പിക്കും.
ശക്തമായ മഴയിൽ വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണോ, മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 1077 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
മീൻപിടിത്തം നിരോധിച്ചു
വ്യാഴാഴ്‌ചയോടെ അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ബുധനാഴ്‌ച അർധരാത്രി മുതൽ കേരള തീരത്ത് മീൻപിടിത്തം പൂർണമായി നിരോധിച്ചു.
തീവ്ര മഴ
ഞായറാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും ശനിയാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും ഞായറാഴ്‌ച -കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് (തീവ്രമഴ) പ്രഖ്യാപിച്ചിട്ടുണ്ട്.
ടോൾ ഫ്രീ 1077