ലോക്ഡൗണ്‍: ദുരിതബാധിതരെ സഹായിക്കാൻ സർക്കാരിന് നോട്ടടി യന്ത്രമില്ല, വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ

0
74

ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സംസ്ഥാന സർക്കാരിന്റെ കൈവശം സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി കർണാടക ഗ്രാമവികസനമന്ത്രി മന്ത്രി കെ എസ് ഈശ്വരപ്പ. ലോക്ഡൗണിനെതുടർന്ന് തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയില്‍ പ്രതികരിക്കവെയാണ് ‘ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ’ എന്നു മന്ത്രി ചോദിച്ചത്. ലോക്ക്ഡൗൺ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. എങ്ങനെയെങ്കിലും മഹാമാരിയെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സമയത്ത് ആയിരവും പതിനായിരവും കൊടുക്കണമെന്ന് പറഞ്ഞാൽ അത് അച്ചടിച്ചിറക്കാൻ സർക്കാരിന്റെ കയ്യിൽ നോട്ടടി യന്ത്രമൊന്നുമില്ല.
ഈ സമയത്ത് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഡി കെ ശിവകുമാറും അവരവരുടെ വായ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ചെയ്യണം. പ്രതിപക്ഷനേതാക്കൾ വായടച്ചാൽ തന്നെ ലോക്ക്ഡൗൺ വിജയമാകും. എ സി മുറികളിൽ ഇരുന്ന് ഇങ്ങനെ ഓരോ പ്രസ്താവന നടത്താം. അതിൽ കുഴപ്പമൊന്നുമില്ല. ആളുകൾ മരിച്ചുവീഴ്ഴുമ്പോൾ സർക്കാരിനെ വിമർശിക്കാൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ. അടച്ചിടൽ കാരണം കൂടുതൽ റേഷന്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച കര്‍ഷകനോട് പോയി മരിച്ചൂടെ എന്ന് ചോദിച്ച മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കര്‍ഷകനോട് മാപ്പ് പറയേണ്ടിവന്നു. ഇതിനുപിന്നാലെയാണ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഈശ്വരപ്പയും വിവാദ പരാമർശം നടത്തിയത്.