കിഴക്കമ്പലം പഞ്ചായത്തിൽ കോവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു, ഡൊമിസിലിയറി കെയർ സെന്റർ പോലും തുടങ്ങിയിട്ടില്ല

0
71

കിഴക്കമ്പലം പഞ്ചായത്തിൽ കോവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ബുധനാഴ്ച നിയുക്ത എംഎൽഎ പി വി ശ്രീനിജിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. വൈകിട്ട് അഞ്ചിന് വ്യാപാരഭവനിലാണ് യോഗം.

ചൊവ്വാഴ്ചവരെ 800 രോഗബാധിതരും 80 മരണങ്ങളും പഞ്ചായത്തിലുണ്ടായി. എന്നാൽ, ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻപോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. വീട്ടുകാർക്ക് രോഗം പകരാതിരിക്കാൻ തൊഴുത്തിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് മരിച്ച മലയിടംതുരുത്ത് മാന്താട്ടിൽ സാബുവിന്റെ അമ്മ കാളിക്കുട്ടി, ഭാര്യ സിജ, സഹോദരൻ ഷാജി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

രണ്ടരവയസ്സുള്ള മകൻ സായൂജും ഇവർക്കൊപ്പമാണ്. ഇവർ വീട്ടിൽത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇവർക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ജനകീയ കൂട്ടായ്മയാണ് നൽകുന്നത്. വാർഡിലെ ആശാവർക്കർ പഞ്ചായത്ത്‌ പ്രസിഡന്റുതന്നെയാണ്. ഈ വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഒരാഴ്ചമുമ്പാണ് പഞ്ചായത്തിലെ ചൂരക്കോട് വാർഡിൽ ഒരു വീട്ടിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചത്.

പാറക്കൽ സോമൻ (57), സഹോദരൻ കൃഷ്ണൻകുട്ടി (62), ഇവരുടെ അമ്മ പാറു (85) എന്നിവരാണ് മരിച്ചത്. രോഗം മൂർച്ഛിച്ചതോടെ മൂവരെയും പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഒന്നാംവാർഡിലെ ആശാവർക്കറുടെ പ്രവർത്തനത്തിൽ വലിയ വീഴ്ചവന്നതായി നിരവധി പരാതികളുണ്ട്. ഇതന്വേഷിച്ച് നടപടി എടുക്കാൻ പി വി ശ്രീനിജിൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.