രമേശ് ചെന്നിത്തലയെ തട്ടി ഹൈക്കമാൻഡ്, മുല്ലപ്പള്ളിയുടെ തലയും ഉരുളും

0
82

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ ഹൈക്കമാൻഡ്.  ഇതിനൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രെയും സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം പ്രശ്‌നം പഠിച്ച നേതൃത്വമാണ് പുതിയ ഫോർമുല മുന്നോട്ടുവച്ചത്.

പകരം വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനാണ് എഐസിസി ആലോചിക്കുന്നത്. എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടിയും , എ ഗ്രൂപ്പും കടുംപിടുത്തം തുടരുന്നത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇരു ഗ്രൂപ്പുകളുമായും ചർച്ച നടത്തി സമവായത്തിൽ എത്തിയശേഷമായിരിക്കും തീരുമാനം.

ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ കോൺ​ഗ്രസ് പ്രവർത്തകസമിതി അം​ഗത്വം നൽകിയോ ചെന്നിത്തലയെ സമാധാനിപ്പിക്കാനാണ് ആലോചന. ചെന്നിത്തലയെ മാറ്റുമ്പോൾ മുല്ലപ്പള്ളിയെയും സ്ഥാനത്തുനിന്നും നീക്കേണ്ടിവരും.

ഈ സാഹചര്യത്തിൽ മുല്ലപ്പള്ളിക്ക് എന്ത് പദവി കൊടുക്കുമെന്നതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. കെ സുധാകരനെയോ കെ മുരളീധരനെയോ കെപിസിസി പ്രസിഡന്റ് ആയി അവരോധിക്കാനാണ് നീക്കം. കെ മുരളീധരൻ കെപിസിസി പ്രസിഡന്റ് ആകാനുള്ള താല്പര്യം ഇതിനകം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇങ്ങനെയൊരു ആലോചന ഇല്ലെന്നാണ് ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.