സംസ്ഥാനം വാങ്ങിയ വാക്‌സിൻ ജില്ലകൾക്ക്‌ ഉടൻ വിതരണം ചെയ്യും, മാർഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും

0
76

 

സംസ്ഥാന സർക്കാർ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ്‌ കോവിഷീൽഡ് വാക്സിൻ ജില്ലകൾക്ക്‌ ഉടൻ വിതരണം ചെയ്യും. ഇതിനായി മുൻഗണനാവിഭാഗങ്ങളെ നിശ്‌ചയിച്ച്‌ മാർഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. നിലവിൽ കൊച്ചിയിലെ മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ മഞ്ഞുമ്മലിലെ കേന്ദ്രത്തിൽ സംഭരിച്ചിരിക്കുകയാണ്‌ വാക്സിൻ.

മാധ്യമപ്രവർത്തകർക്കും ആളുകളുമായി നിരന്തരം ഇടപഴകുന്ന മറ്റ്‌ വിവിധ വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കാനാണ്‌ സാധ്യത. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൂന്നരലക്ഷം ഡോസ് വാക്സിൻ തിങ്കളാഴ്‌ചയാണ്‌ കൊച്ചിയിൽ എത്തിയത്‌.

75 ലക്ഷം ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്സിൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസ്‌ 80 ലക്ഷം കടന്നു. ചൊവ്വാഴ്ച പകൽ 12 വരെയുള്ള കണക്കുപ്രകാരം 80,42,204 ഡോസ്‌ വാക്സിനാണ്‌ വിതരണം ചെയ്തത്‌. 61,92,903 പേർ ആദ്യഡോസും 18,49,301 പേർ രണ്ടാം ഡോസും സ്വീകരിച്ചു.