സർക്കാർ ജീവനക്കാർക്ക് താമസിക്കുന്ന പ്രദേശത്ത് കൊവിഡ് ജോലി; ആ‌ർക്കും ഒഴിവാകാനാവില്ല, കർശന നിർദേശം

0
78

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനുളള നീക്കം ആരംഭിച്ചു. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും. ഓരോ തദ്ദേശ സ്ഥാപനത്തിൻറെയും പരിധിയിൽ താമസിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കാനാണ് നിലവിലെ തീരുമാനം.

സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയതോടെ ഒട്ടുമിക്ക ജീവനക്കാരും വർക്ക് ഫ്രം ഹോമിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനത്തിന് ആൾ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തിലുളള സർക്കാർ തീരുമാനം.

ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് പരിഗണിക്കുക. തുടർന്ന് മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും അദ്ധ്യാപകരേയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളിൽ നോഡൽ ഓഫീസർ തുടങ്ങിയ ചുമതല നൽകും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ആർക്കും കൊവിഡ് ഡ്യുട്ടിയിൽനിന്ന് ഒഴിവാകാനാവില്ല.

ലോക്ക്‌ഡൗൺ കാരണം അന്തർജില്ലാ യാത്ര തടസപ്പെട്ടതിനാൽ ജോലിക്കെത്താൻ കഴിയാത്ത സർക്കാർ ജീവനക്കാരേയും അധ്യാപകരേയും അതത് കളക്‌ടർമാർക്കുകീഴിൽ കൊവിഡ് ജോലിക്ക് നിയോഗിക്കും.

ഇവരുടെ പേര്, വിലാസം, മൊബൈൽ നമ്പറുകൾ, തസ്‌‌തിക എന്നിവ വകുപ്പ്/ഓഫീസ് മേധാവികൾ ജീവനക്കാരുടെ സ്വന്തം ജില്ലയുടെ ചുമതലയുള്ള കളക്‌ടർമാർക്ക് നൽകാൻ സർക്കാർ നിർദേശിച്ചു. ആരോഗ്യപ്രശ്‌നമുള്ളവരെ ഒഴിവാക്കുമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്.