ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ അറബ്-ജൂത കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപകാരികൾ ലോഡിൽ മൂന്ന് സിനഗോഗുകൾക്കും നിരവധി കടകൾക്കും തീയിട്ടു. നൂറ് കണക്കിന് കാറുകൾ അഗ്നിക്കിരയാക്കി.
ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നെതന്യാഹു ലോഡിലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക ഭരണം അവസാനിച്ച 1966നുശേഷം ആദ്യമായാണ് ഇസ്രായേലിലെ അറബ് ജനതയ്ക്കെതിരെ ആക്രമണമുണ്ടാകുന്നത്.
ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്.
അതേസമയം, ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ്(31) ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
അഷ്ക ലോണിലാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിക്കുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.